അഭിപ്രായ ഭിന്നത കൂട്ടത്തല്ലില്‍ എത്തി; ഐഎന്‍എല്‍ പിളർന്നു

single-img
25 July 2021

കൂട്ടതല്ലിൽ പിരിഞ്ഞ കൊച്ചിയിൽ നടന്ന സംസ്ഥാന പ്രവർത്തക സമിതി യോഗത്തിന്​ പിന്നാലെ ഐ എൻ എൽ (ഇന്ത്യൻ നാഷനൽ ലീഗ്​) പിളർന്നു. സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂറിനെ പാർട്ടിയിൽനിന്ന്​ പുറത്താക്കിയതായി സംസ്​ഥാന പ്രസിഡന്‍റ്​ എ പി അബ്ദുൽ വഹാബ്​ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പകരം ഇപ്പോഴുള്ള വർക്കിങ്​ പ്രസിഡന്‍റിനാണ്​ താൽക്കാലിക ചുമതല. സംസ്ഥാനത്തേക്ക് പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തതായും അദ്ദേഹം പറഞ്ഞു. എന്നാൽ പാർട്ടിയുടെ ദേശീയ നേതൃത്വം കാസിം ഇരിക്കൂറിനൊപ്പമാണ് ഇപ്പോഴും നിൽക്കുന്നത്​. ഒന്നിച്ചു മുന്നോട്ട് പോകാനാവാത്ത വിധം ഇരുപക്ഷവും നേരത്തെ തന്നെ അകന്നുകഴിഞ്ഞിരുന്നു.

തങ്ങൾ സുതാര്യമായാണ് പ്രവർത്തിക്കുന്നതെന്നും അധികാരമോഹികളായ ചിലരുടെ പ്രവർത്തനങ്ങളാണ് പാർട്ടിയിൽ പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും കാസിം ഇരിക്കൂർ പക്ഷം പറയുന്നു. സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പിനെ തുടർന്നാണ് പാർട്ടിയിൽ പോരുകൾ രൂക്ഷമായത്.

തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ യുവനേതാവ് എൻ കെ അബ്ദുൽ അസീസ് ഉൾപ്പെടെ ചിലർ കണ്ണുവെച്ചിരുന്നു. പക്ഷെ അഹമ്മദ് ദേവർകോവിലിന് അവസരം കിട്ടുകയും അദ്ദേഹം നിയമസഭ അംഗമായി തെരഞ്ഞെടുക്കപ്പെടുകയും മന്ത്രിയാവുകയും ചെയ്തതോടെ പ്രശ്നങ്ങൾ രൂക്ഷമായി. തെരഞ്ഞെടുപ്പിൽ ദേവർകോവിലിനെ തോൽപിക്കാൻ ചരടുവലി നടത്തിയതിെൻറ പേരിൽ എൻ.കെ. അബ്ദുൽ അസീസ് ഉൾപ്പെടെയുള്ളവർക്കെതിരെ ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു.