പറയാൻ എനിക്ക് വാക്കുകളില്ല, അഞ്ച് വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലം കണ്ടു: മീരാബായ് ചാനു

single-img
24 July 2021

ജപ്പാനിലെ ടോക്കിയോ ഒളിംപിക്‌ ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയും ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടുന്ന ആദ്യ വനിതാ വെയ്റ്റ് ലിഫ്റ്ററുമായി മാറിയിരിക്കുകയാണ് വനിതകളുടെ വെയ്റ്റ്‌ലിഫ്റ്റിംഗ് 49 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി നേടിയ മീരാബായ് ചാനു. ഈ വിജയത്തിന് പിന്നാലെ തന്റെ 5 വർഷത്തെ കഠിനാധ്വാനത്തിന് ഫലം കണ്ടു എന്ന് പറഞ്ഞിരിക്കുകയാണ് അവർ.

“ഇവിടെ ഒടുവിൽ അത് സംഭവിച്ചു, എനിക്ക് വെള്ളി മെഡൽ ലഭിച്ചു. അവസാന അഞ്ച് വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലം കണ്ടു. ഈ നേട്ടത്തിൽ എനിക്ക് വളരെ സന്തോഷമുണ്ട്, പറയാൻ എനിക്ക് വാക്കുകളില്ല. എന്നെ പിന്തുണച്ച എല്ലാവരോടും – കോച്ച്, കുടുംബം, വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ- നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു ,” മിരാബായ് ചാനു മാധ്യമങ്ങളോട് പറഞ്ഞു.

“കഴിഞ്ഞ തവണ റിയോ ഒളിമ്പിക്സിൽ പരാജയപ്പെട്ടതിന് ശേഷം ഞാൻ വളരെ ദുഃഖിതയായിരുന്നു. പിന്നാലെ 2018 കോമൺ‌വെൽത്ത് ഗെയിംസിൽ ഞാൻ സ്വർണ്ണ മെഡൽ നേടി, ഇപ്പോഴത്തെ ഒളിമ്പിക് മെഡൽ നേടണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു, അപ്പോഴാണ് ഒളിംപിക്‌ ചിഹ്നത്തിൽ ഉള്ള കമ്മൽ ഉണ്ടാക്കി എന്നോടൊപ്പം സൂക്ഷിച്ചത്. എന്റെ ജീവിതത്തിൽ ഞാൻ ചെയ്ത എല്ലാ ത്യാഗങ്ങളുടെയും ഫലമാണ് ഈ വെള്ളി മെഡൽ,” മീരാബായ് പറഞ്ഞു.