ദക്ഷിണാഫ്രിക്കയില്‍ ജനകീയ പ്രക്ഷോഭത്തോടൊപ്പം കവര്‍ച്ചയും വര്‍ദ്ധിക്കുന്നു; 300 കടന്ന് മരണങ്ങള്‍

single-img
23 July 2021

അഴിമതി ആരോപണത്തില്‍ കുടുങ്ങിയ മുന്‍ പ്രസിഡന്റ് ജേക്കബ് സുമയെ ജയിലിലടച്ചതിനെതിരെ ദക്ഷിണാഫ്രിക്കയില്‍ തുടരുന്ന പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതുവരെ 300 കവിഞ്ഞു.

രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇതുവരെ 337 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവന്ന ഔദ്യോഗിക കണക്ക്. സംഘര്‍ഷങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ നിരവധി പേര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അധികൃതര്‍ അറിയിപ്പില്‍ പറയുന്നു.

വ്യാപകമായി തുടരുന്ന ജനകീയ പ്രക്ഷോഭത്തോടൊപ്പം രാജ്യത്ത് കവര്‍ച്ചയും വര്‍ദ്ധിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ജൂണ്‍ 30നായിരുന്നു കോടതിയലക്ഷ്യ കേസില്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് ജേക്കബ് സുമക്ക് 15 മാസം തടവ് ശിക്ഷ കോടതി വിധിച്ചത്. 1999ല്‍ യൂറോപ്യല്‍ നിന്ന് റാന്‍ഡിന് യുദ്ധവിമാനങ്ങള്‍, പട്രോളിംഗ് ബോട്ടുകള്‍, മിലിട്ടറി ഗിയര്‍ എന്നിവ വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള അഴിമതിയിലാണ് ജേക്കബ് സുമ വിചാരണ നേരിടുന്നത്.

രാജ്യത്തിന്റെ പ്രസിഡന്റായിരിക്കെ അദ്ദേഹം നടത്തിയ അഴിമതികളുമായി ബന്ധപ്പെട്ട ആരോപണത്തില്‍ അന്വേഷണ കമ്മീഷനുമായി സഹകരിക്കണമെന്ന കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നാണ് ഭരണഘടന കോടതി ശിക്ഷ വിധിച്ചത്.