വ്യാജ വക്കീലായി വിലസിയ സെസിയെ കുടുക്കാൻ സഹായിച്ചത് ആദ്യ കാമുകന്‍

single-img
23 July 2021

നിയമ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി വിലസിയ ആലപ്പുഴയിലെ വ്യാജ വനിതാ വക്കീൽ സെസിയെ കുടുക്കാൻ സഹായിച്ചത് ആദ്യ കാമുകനെന്ന് സൂചന. നിയമ പരീക്ഷകള്‍ പൂര്‍ണ്ണമായി പാസാകാതെ വക്കീലായി വിലസിയിരുന്ന സെസിക്കെതിരെ ഊമക്കത്ത് വന്നതോടെയാണ് കള്ളികൾ ഒന്നൊന്നായി പുറത്തായത്.

സംഭവം വിവാദമായപ്പോള്‍ കോടതിയിൽ ഹാജരാകാനെത്തിയ ഇവർ ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെ കോടതിയിൽ നിന്നും പുറത്തുനിര്‍ത്തിയിരുന്ന വാഹനത്തില്‍ മുങ്ങിയിരുന്നു. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടും ഇനിയും ഇവരെ കണ്ടെത്താനായിട്ടില്ല. ജാമ്യം കിട്ടില്ലെന്ന്ഉറപ്പായപ്പോള്‍ അറസ്റ്റ് ഒഴിവാക്കാൻ കോടതിയുടെ പിന്നിൽ നിർത്തിയിരുന്ന കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.

നേരത്തെ തിരുവല്ലയില്‍ പ്രാക്ടീസ് ചെയ്യുന്ന സമയം അവിടെ ഒരു യുവ അഭിഭാഷകനുമായി സെസി അടുപ്പത്തിലായിരുന്നു. സെസിയുടെ യോഗ്യത സംബന്ധിച്ച എല്ലാ കാര്യങ്ങളും അഭിഭാഷകന് അറിയാമായിരുന്നു. ആലപ്പുഴയില്‍ പ്രാക്ടീസ് ആരംഭിച്ചതോടെ സെസി മറ്റൊരു യുവ അഭിഭാഷകനുമായി അടുപ്പത്തിലായി. പഴയ കാമുകനെ ഒഴിവാക്കി. ഇതില്‍ പ്രകോപിതനായാണ് പഴയ കാമുകന്‍ കാര്യങ്ങളെല്ലാം പുറത്തറിയിച്ചതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന സൂചന.

സെസി ആദ്യം പറ്റിച്ചത് സ്വന്തം മാതാപിതാക്കളെ തന്നെയായിരുന്നു. ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ രാമങ്കരിക്കടുത്താണ് സാധാരണ കുടുംബത്തിലെ അംഗമായ സെസി സേവ്യറിന്റെ വീട്. മാതാവ് കടയിൽ ജോലിക്ക് പോയും അച്ഛൻ മുട്ടക്കച്ചവടം നടത്തിയുമാണ് സെസിയെ പഠിപ്പിച്ചത്. തലസ്ഥാനമായ തിരുവനന്തപുരത്തായിരുന്നു നിയമ പഠനം. കാഴ്ചയിൽ വളരെ സുന്ദരിയായതിനാൽ സൗഹൃദങ്ങൾ കൂടുകയും പഠനം ഉഴപ്പുകയുമായിരുന്നു. ആവശ്യമായ ഹാജരില്ലാത്തതിനാൽ പരീക്ഷയെഴുതാനായില്ല.

ഇത്തരത്തില്‍ പഠനം പാതിവഴിയിലായതോടെ ബംഗളൂരുവിലേക്ക് പോയ സെസി അവിടെ കോഴ്സ് പൂർത്തിയാക്കിയെന്നായിരുന്നു വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. അച്ഛനമ്മമാർക്ക് അതേപ്പറ്റി വലിയ ഗ്രാഹ്യമില്ലാത്തതിനാൽ മകളുടെ കള്ളക്കളി തിരിച്ചറിയാനും കഴിഞ്ഞില്ല.

നിലവില്‍ കൊവിഡ് കാലത്ത് അഭിഭാഷകർക്ക് ധനസഹായം നൽകാനുള്ള ഫണ്ട് ശേഖരണത്തിന് സെസിയാണ് നേതൃത്വം വഹിച്ചത്. ലീഗൽ സർവീസ് അതോറിട്ടിയുടെ കേസുകളിൽ കക്ഷികൾക്കുവേണ്ടി ഹാജരായിരുന്ന സെസി ആലപ്പുഴ ബാർ അസോസിയേഷൻ പ്രവർത്തനങ്ങളിലും കോൺഗ്രസ് അനുകൂല അഭിഭാഷക സംഘടനാ പ്രവർത്തനത്തിലും മുന്നിലായിരുന്നു.