മിഠായി, ഐസ്ക്രീം, ബലൂൺ എന്നിവയിലെ പ്ലാസ്റ്റിക് കോലുകൾ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

single-img
23 July 2021

രാജ്യത്ത് നിലവില്‍ മിഠായികളിലും ഐസ്ക്രീമുകളിലും ബലൂണുകളിലും പിടിയായി ഉപയോഗിക്കുന്ന ‘പ്ലാസ്റ്റിക് സ്റ്റിക്’ നിരോധിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. അടുത്ത വര്‍ഷം ജനുവരി 1-നകം ഘട്ടംഘട്ടമായി ഇവ ഒഴിവാക്കുമെന്നാണ് കേന്ദ്ര സർക്കാർ വെള്ളിയാഴ്ച പാർലമെന്റിനെ അറിയിച്ചത്.

2021 ആദ്യം പുറത്തിറക്കിയ കരട് വിജ്ഞാപന പ്രകാരം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിർമാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ 2022 ജനുവരി 1 നകം നിരോധിക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്.ഇവയുടെ ഉപയോഗം ഭാവിയില്‍ ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് പരിസ്ഥിതി സഹമന്ത്രി അശ്വിനി ചൗബെ ഇക്കാര്യം പറഞ്ഞത്.

പ്ലാസ്റ്റിക് സ്റ്റിക്കുകളുള്ള ഇയർബഡുകൾ, ബലൂണുകൾക്കുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകൾ, പ്ലാസ്റ്റിക് പതാകകൾ, മിഠായി സ്റ്റിക്കുകൾ, ഐസ്ക്രീം സ്റ്റിക്കുകൾ, അലങ്കാരത്തിനുള്ള തെർമോകോൾ എന്നിവ ജനുവരി 1-നകം ഘട്ടംഘട്ടമായി നിരോധിക്കാനാണ് തീരുമാനം.

പുതിയ തീരുമാനപ്രകാരം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ, കപ്പുകൾ, ഗ്ലാസുകൾ, ഫോർക്കുകൾ, സ്പൂൺ, കത്തി, സ്ട്രോ, കണ്ടെയ്നർ, കണ്ടെയ്നർ അടപ്പുകൾ, ട്രേകൾ, 100 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് / പി.വി.സി ബാനറുകൾ എന്നിവയുടെ ഉപയോഗം അടുത്ത വർഷം ജൂലൈയിൽ പൂർണമായും അവസാനിപ്പിക്കാനാകുമെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്.

ഒരുതവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഇനങ്ങളിൽ, 120 മൈക്രോണിൽ കുറവുള്ള റീസൈക്കിൾ ചെയ്യാനാകാത്ത പ്ലാസ്റ്റിക്ക് ഉപയോഗിച്ച് നിർമ്മിച്ച കാരിബാഗുകൾ ഈ വർഷം സെപ്റ്റംബർ 30 നകം ഘട്ടംഘട്ടമായി ഉപയോഗം അവസാനിപ്പിക്കാമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. കമ്പോസ്റ്റബിൾ പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ചരക്കുകൾക്ക് ഈ വ്യവസ്ഥകൾ ബാധകമല്ലെന്നും മന്ത്രി രേഖാമൂലം മറുപടി നൽകി.2016-ലെ പ്ലാസ്റ്റിക് മാലിന്യ നിർമാർജന ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനായി 2021 മാർച്ച് 11 ന് പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.