ആരുടെയെങ്കിലും ഫോണ്‍ ചോര്‍ത്തപ്പെട്ടെങ്കില്‍ അത് രാജ്യസുരക്ഷക്ക് വേണ്ടി: രവിശങ്കര്‍ പ്രസാദ്

single-img
19 July 2021

രാജ്യത്ത് ആരുടെയെങ്കിലും ഫോണ്‍ ചോര്‍ത്തപ്പെട്ടെങ്കില്‍ അത് രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടിയാണെന്ന് മുന്‍ ഐ ടി മന്ത്രി രവിശങ്കര്‍ പ്രസാദ്. ഫോണ്‍ ചോര്‍ത്താന്‍ വ്യവസ്ഥാപിതമായ സംവിധാനമുണ്ട്. അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതിയോടെ മാത്രമേ അതെല്ലാം നടക്കൂ.

എന്നാല്‍ ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നില്‍ പുതിയ മുന്നണി രൂപീകരണത്തിനുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. തികച്ചും അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്ന കോണ്‍ഗ്രസ് നടപടി അപലപനീയമാണെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.

ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത നല്‍കിയ ‘ദി വയര്‍’ ഇതിന് മുന്‍പും അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ കൊണ്ടുവന്ന മാധ്യമമാണെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യാ വിരുദ്ധ അജണ്ട വെച്ചുപുലര്‍ത്തുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ബി ജെപിയെയോ കേന്ദ്ര സര്‍ക്കാരിനെയോ ഇതില്‍ പങ്ക് ചേര്‍ക്കുന്ന ഒരു ലിങ്ക് പോലും ഈ വാര്‍ത്തകളിലില്ല. ഏതെങ്കിലും ഒരു നമ്പര്‍ ലീക്ക് ചെയ്ത പട്ടികയില്‍ ഉണ്ടെന്നത്‌ അവ ഹാക് ചെയ്യപ്പെട്ടതിന് തെളിവല്ലെന്ന് ഈ വാര്‍ത്ത പുറത്തുവിട്ടവര്‍ തന്നെ പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.