ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല: പന്ന്യൻ രവീന്ദ്രൻ

single-img
18 July 2021

താൻ ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ഇതുവരെ ഒരു തവണ അസംബ്ലിയിലേക്കും ഒരു തവണ പാർലമെന്റിലേക്കുമാണ് മത്സരിച്ചത്. അതിൽ അസംബ്ലിയിൽ തോറ്റു. ഇനി ഒരിക്കലും മത്സരിക്കാനില്ലെന്നും പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാനാണ് താൽപര്യമെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

രാമരാജ്യം എന്ന് പറഞ്ഞാൽ പ്രജാ തൽപ്പരനായ ഭരണാധികാരിയുടെ രാജ്യമാണ്. ഓരോ കമ്മ്യൂണിസ്റ്റുകാരും അങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം ഭാഷാ പോഷിണിയിൽ രാമായണത്തെക്കുറിച്ച് എഴുതിയത് സംബന്ധിച്ചുള്ള ചോദ്യത്തിണ് മറുപടിയായി പറഞ്ഞു. ഇതോടൊപ്പം ശ്രീരാമനെപ്പോലെ ത്യാഗിയായ ആൾ ലോകത്തുണ്ടോഎന്നും അദ്ദേഹം ചോദിക്കുന്നു.

ജീവിതത്തിൽ അധികാരവും സ്വന്തം പത്നിയേയും അദ്ദേഹം ഉപേക്ഷിച്ചു. താൻ വിശ്വാസിയായെന്ന് ആരും ചിന്തിക്കേണ്ട. എന്നാൽ രാമരാജ്യം എന്നാൽ പ്രജാ തൽപ്പരനായ ഭരണാധികാരിയുടെ രാജ്യമാണ് എന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല, പി കൃഷ്ണപിള്ള ജീവിച്ചിരുന്നെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളരില്ലായിരുന്നുവെന്ന് പന്ന്യൻ പറയുന്നു.

പി കൃഷ്ണപിള്ള ഉണ്ടായിരുന്നെങ്കിൽ കേരളം പിളർപ്പിൽ നിന്നും മാറി നിൽക്കുമായിരുന്നു. അങ്ങിനെ സംഭവിച്ചാൽ ഇന്ത്യയിൽ ഭിന്നത ഉണ്ടാകുമായിരുന്നില്ല. ഈ പറയുന്നത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരുപക്ഷെ ലെനിൻ ഉണ്ടായിരുന്നെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടികൾ ദുരന്തത്തിലേക്ക് പോകുമായിരുന്നില്ലെന്ന ഫിഡൽ കാസ്ട്രോയുടെ വാക്കുകൾ പോലെയാണതെന്നും അദ്ദേഹം വ്യക്തമാക്കി.