യുപിയില്‍ മറ്റുപാര്‍ട്ടികളുമായി സഖ്യസാധ്യത മുന്നോട്ട് വയ്ക്കുന്നതിൽ കോൺഗ്രസിന് തുറന്ന മനസ്സ്: പ്രിയങ്ക ഗാന്ധി

single-img
18 July 2021

2022 ൽ നടക്കാനിരിക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മറ്റു പാർട്ടികളുമായി കോൺഗ്രസ് സഖ്യത്തിന് തയാറെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.നിലവിലെ സാഹചര്യത്തിൽ സഖ്യത്തെയെല്ലാം കുറിച്ച് സംസാരിച്ച് തുടങ്ങാനായിട്ടില്ലെന്നും എന്നാൽ സഖ്യസാധ്യത മുന്നോട്ട് വയ്ക്കുന്നതിൽ കോൺഗ്രസിന് തുറന്ന മനസാണ് ഉള്ളതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

എങ്ങിനെയും ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് കോൺഗ്രസിന്റെ പ്രധാന ലക്ഷ്യമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ സംഘടന സംവിധാനത്തെ ശക്തിപ്പെടുത്തുക എന്നതാണ് താൻ ആദ്യം ചെയ്യാൻ ഉദേശിക്കുന്നതെന്നും അതുകൊണ്ടുതന്നെ പാർട്ടിക്കാണ് പ്രഥമ പരിഗണനയെന്നും അവർ വ്യക്തമാക്കി.

കോൺഗ്രസ് പാർട്ടിയിൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള പ്രിയങ്ക ഗാന്ധി അവിടെ ക്യാമ്പ് ചെയ്താണ് പാർട്ടിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. താൻ യുപിയിൽ തന്നെ ഉണ്ടായാൽ മാധ്യമങ്ങൾ കോൺഗ്രസിനെ ഫോക്കസ് ചെയ്യുന്നു. എന്നാൽ ഇവിടെ നിന്നും മാറിനിന്നാൽ നിങ്ങളുടെ ഫോക്കസും മാറുന്നു. പക്ഷേ ഞങ്ങളുടെ പ്രവർത്തനത്തെ അത് ബാധിക്കുന്നില്ല, അത് എപ്പോഴും മുന്നോട്ടു പോവുക തന്നെചെയ്യും.

അവസാന 32 വർഷങ്ങളായി യുപിയിൽ ഞങ്ങൾ അധികാരത്തിന് പുറത്താണ്. അതിനാൽ തന്നെ പാർട്ടി സംവിധാനവും ദുർബലമാണ്. അത് തിരികെകൊണ്ടുവരാൻ വലിയ ഊർജം ആവശ്യമുണ്ട്. പ്രിയങ്ക പറയുന്നു.