ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ യുഡിഎഫില്‍ ഭിന്നതയില്ല: വി ഡി സതീശൻ

single-img
17 July 2021

സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ യുഡിഎഫില്‍ ഭിന്നത ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നേരത്തെ ചില മാധ്യമങ്ങള്‍ തന്‍റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചു. ഈ വിഷയത്തില്‍ കോൺഗ്രസും ലീഗും തമ്മിൽ ഭിന്നത ഇല്ലെന്ന് സതീശന്‍ വിശദീകരിച്ചു.

ഇടത് മുന്നണിയിലാണ് ഭിന്നത ഉള്ളത്. ലീഗിന്‍റെ പരാതി തീർക്കണം എന്നതാണ് കോൺഗ്രസ്‌ നിലപാടെന്നും വിഡി സതീശന്‍ വ്യക്തമാക്കി. ഇപ്പോള്‍ കൊടുത്തുകൊണ്ടിരിക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ തുടരണമെന്ന ഫോര്‍മുലയാണ് യുഡിഎഫ് നിർദ്ദേശിച്ചത്. നേരത്തെയുണ്ടായിരുന്ന സ്‌കോളര്‍ഷിപ്പുകളുടെ എണ്ണത്തില്‍ കുറവ് വരുത്തില്ലെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

എന്നാല്‍പോലും മുസ്ലീംകള്‍ക്കുള്ള പ്രത്യേക സ്‌കീം സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുകയാണ്. ഈ പരാതിയാണ് ലീഗും ഉന്നയിക്കുന്നത്. ഈ വിഷയം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് തന്നെയാണ് കഴിഞ്ഞ ദിവസവും ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ മുസ്ലീം സമുദായത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനു വേണ്ടിയുള്ള പ്രത്യേക സ്‌കീം ആയിരുന്നു സച്ചാര്‍ കമ്മിറ്റി മുന്നോട്ടുവട്ടത്. അതുകൊണ്ടുതന്നെ അതിനെ നിലനിര്‍ത്തി മറ്റൊരു സ്‌കീം ഉണ്ടാക്കി മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കണമെന്നാണ് യുഡിഎഫ് ഫോര്‍മുലയിലെ ആവശ്യം.

സര്‍ക്കാര്‍ ആകട്ടെ മുസ്ലീംകള്‍ക്കു വേണ്ടിയുള്ള പ്രത്യേക സ്‌കീം നിലനിര്‍ത്തണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെടും. നിലവിലെ സ്‌കോളര്‍ഷിപ്പുകളുടെ എണ്ണത്തില്‍ കുറവ് വരുത്തില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിലൂടെ യുഡിഎഫ് മുന്നോട്ട് വച്ച ഫോര്‍മുല ഭാഗികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് സതീശൻ പറഞ്ഞു.