പാകിസ്ഥാനിലും ഇന്ധന വില വർദ്ധനവ്; അവശ്യഭക്ഷ്യവസ്തുക്കളുടെ വിലയും കുത്തനെ ഉയരുന്നു

single-img
17 July 2021

പാകിസ്ഥാനിൽ പെട്രോളിന്റെയും അതിവേ​ഗ ഡീസലിന്റെയും വില വർദ്ധനവിന് ഇമ്രാൻഖാൻ സർക്കാർ അനുമതി നൽകിയതിന് പിന്നാലെ അവശ്യഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നു. രാജ്യത്തെ യൂട്ടിലിറ്റി സ്റ്റോർസ് കോർപ്പറേഷനിൽ സാധനങ്ങളുടെ വില ഉയർത്താൻ മന്ത്രിസഭയുടെ സാമ്പത്തിക ഏകോപന സമിതി അംഗീകാരം നൽകിയതോടെയാണ് വിലക്കയറ്റം ഉണ്ടായത്.

നിലവിലെ വിപണി വിലയും സബ്സിഡി വിലയും തമ്മിലുളള അന്തരം വലിയ തോതിൽ വർദ്ധിച്ചതോടെയാണ് സര്‍ക്കാര്‍ ഈ രീതിയില്‍ തീരുമാനം കെെകൊണ്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സര്‍ക്കാരിന്റെ പുതിയ തീരുമാനം വന്ന പിന്നാലെ സബ്സിഡി ലഭിക്കുന്ന വിപണിയിലെ ചില അവശ്യസാധനങ്ങളുടെ വില വർദ്ധിച്ചു.

ഒരു കിലോ​ഗ്രാം നെയ്‌ വില 170 രൂപയിൽ നിന്നും 260 രൂപയിലെത്തി. 20 കിലോ ഗോതമ്പ് പൊടിയുടെ വില 800 രൂപയിൽ നിന്നും 950 രൂപയായി ഉയർന്നു. പഞ്ചസാരയ്ക്ക് കിലോയ്ക്ക് 68 രൂപയിൽ നിന്നും 85 രൂപയായി മാറി. ഇതുമായി ബന്ധപ്പെട്ട് പൊതുവിപണിയിലും വില വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.പാകിസ്ഥാനില്‍ ഇപ്പോള്‍ ഒരു ലിറ്റർ പെട്രോളിന് 118.09 രൂപയും ഡീസലിന് 116.5 രൂപയുമാണ് വില.

രാജ്യാന്തര വിപണിയിൽ ഇന്ധനവിലഓരോ ദിവസവും കൂടുകയാണെന്നും സർക്കാരിന് വേറെ മാർ​ഗമില്ലെന്നും വില വർദ്ധനവിൽ പാക് മന്ത്രി ഫവാസ് ചൗദ്ധരി പറയുകയുണ്ടായി.