യെഡിയൂരപ്പ പ്രധാനമന്ത്രിയെക്കണ്ട് രാജിസന്നദ്ധത അറിയിച്ചെന്ന് റിപ്പോർട്ട്; കാരണം അനാരോഗ്യം

single-img
17 July 2021
yediyurappa

കർണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് രാജി സന്നദ്ധത അറിയിച്ചെന്ന് റിപ്പോർട്ട്. മകനൊപ്പം പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിയാണ് യെഡിയൂരപ്പ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചനടത്തിയത്. തൻ്റെ അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് യെഡിയൂരപ്പ രാജിസന്നദ്ധത അറിയിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, സംസ്ഥാനത്തിന്റെ വികസന പദ്ധതികളാണ് ഇരുവരും തമ്മിലുള്ള ചർച്ചയിൽ വിഷയമായതെന്നാണ് മോദിയെ സന്ദർശിച്ചശേഷം യെഡിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞത്. നേതൃമാറ്റത്തെക്കുറിച്ചു ചോദ്യം ഉന്നയിച്ചവരോട് ‘നിങ്ങൾ തന്നെ പറയൂ’ എന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള മറുപടി.

യെഡിയൂരപ്പയെ നീക്കണമെന്ന ആവശ്യവുമായി കർണാടകയിലെ മന്ത്രിമാരിലും എംഎൽഎമാരിലും ചിലർ  മാസങ്ങളായി രംഗത്തുണ്ട്. യെഡിയൂരപ്പയുടെ മകൻ വിജയേന്ദ്രയാണ് ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും  ഇവർ ആരോപിച്ചിരുന്നു.

രാജിക്കാര്യത്തിൽ അന്തിമ തീരുമാനം ബിജെപി ഹൈക്കമാൻഡിന്റേതാകും. യെഡിയൂരപ്പയെ മാറ്റാൻ തീരുമാനിച്ചാൽ ജൂലൈ 26 ശേഷമാകും നേതൃമാറ്റം ഉണ്ടാവുക എന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. ജൂലൈ 26ന് മുഖ്യമന്ത്രിയായി അധികാരത്തിലേറിയിട്ട് യെഡിയൂരപ്പ സർക്കാർ രണ്ടു വർഷം പൂർത്തിയാക്കും. അതേസമയം തന്റെ രാജിയ്ക്ക് പകരം മകൻ വിജയേന്ദ്രയ്ക്ക് പാർട്ടിയിൽ ഉചിതമായ സ്ഥാനം നൽകണമെന്ന് യെഡിയൂരപ്പ ആവശ്യപ്പെട്ടതായാണ് വിവരം. 

Content Highlights: BS Yediyurappa, Karanataka, Chief Minister, Resignation, BJP, Narendra Modi