‘മാസ്ക് വയ്ക്കാതെ കറങ്ങി നടക്കുന്നവരെ ഓടിച്ചിട്ട് കടിക്കാനുള്ള അനുവാദം തരുമോ സാർ?’; അടിക്കുറിപ്പ് മത്സര വിജയികളെ പ്രഖ്യാപിച്ച് കേരളാ പോലീസ്

single-img
16 July 2021

സോഷ്യല്‍ മീഡിയയില്‍ കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച ഒരു ചിത്രത്തിന് മികച്ച അടിക്കുറിപ്പെഴുതി സമ്മാനം നേടിയവരുടെ പേരുകൾ ഇന്ന് പ്രഖ്യാപിച്ചു. പോലീസ് വാഹനത്തിന്റെ മുന്നിൽ രണ്ട് കാലിൽ നിവർന്ന് നിൽക്കുന്ന നായയുടെ ചിത്രമാണ് മത്സരത്തിന് വച്ചത്.

ഈ ചിത്രതിന് നിങ്ങള്‍ക്ക് മികച്ച അടിക്കുറിപ്പ് നൽകാമോ എന്നായിരുന്നു ചോദ്യം. ‘മാസ്ക് വയ്ക്കാതെ കറങ്ങി നടക്കുന്നവരെ ഓടിച്ചിട്ട് കടിക്കാനുള്ള അനുവാദം തരുമോ സാർ?’ എന്നകമന്റാണ് ഇതില്‍ ഒന്നാം സ്ഥാനം നേടിയത്. ഇത് എഴുതിയ മിനി ആർ ആണ് വിജയി.

നാട് കാക്കുന്ന സാറൻമാരെ, ഈ നാടിനെക്കൂടി കാത്തോളണേ, എന്ന ഷാജു ശ്രീധറിന്റെ തലക്കെട്ട് രണ്ടാമതും. കാവലാണ് കർമം. കാക്കിയില്ലെന്നേയുള്ളൂ എന്ന ലിജോ ഈറയിലിന്റെ വാചകം മൂന്നാം സ്ഥാനവും നേടി. ഇതോടൊപ്പം തന്നെ ഏറ്റവുമധികം ലൈക്ക് ലഭിച്ച ഷെഫ് സുരേഷ് പിള്ളയുടെ അടിക്കുറിപ്പിനു പ്രത്യേക സമ്മാനവും നൽകുന്നതാണെന്നും പൊലീസ് അറിയിച്ചു.

മത്സര വിജയികൾ അവരുടെ മേൽവിലാസവും, ഫോൺ നമ്പറും [email protected] എന്ന വിലാസത്തിൽ അയക്കണമെന്നും പൊലീസ് കുറിപ്പിൽ പറയുന്നു. പ്രമുഖ ചെറുകഥാകൃത്തും മാധ്യമപ്രവർത്തകനുമായ ബി.മുരളി, ന്യൂസ് ഫോട്ടോഗ്രാഫർ വിൻസെന്റ് പുളിക്കൽ (ന്യൂ ഇന്ത്യൻ എക്സ്പ്രസ് ), സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാർ എന്നിവരടങ്ങിയ സമിതിയാണ് വിജയികളെ തെരഞ്ഞെടുത്തത്.