മദ്യ വിൽപ്പന ശാലകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ നടപടിയെടുക്കണം: ഹൈക്കോടതി

single-img
16 July 2021

സംസ്ഥാനത്ത് പൊതുവേ മദ്യവിൽപ്പന ശാലകളുടെ എണ്ണം കുറവാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. കേരളത്തില്‍ ഇപ്പോള്‍ മദ്യശാലകൾക്ക് മുന്നിലെ തിരക്ക് വർദ്ധിക്കാൻ കാരണം മദ്യക്കടകളുടെ കുറവായതിനാലാണെന്ന എക്സൈസ് കമ്മീഷണറുടെ വിലയിരുത്തൽ ശരിവെച്ചാണ് കോടതി ഇത്തരത്തില്‍ ഒരു വിലയിരുത്തൽ നടത്തിയത്.

മറ്റുള്ള സംസ്ഥാനങ്ങളിൽ കേരളത്തിൽ ഉള്ളതിനേക്കാൾ കൂടുതല്‍ മദ്യശാലകളുണ്ട്. കേരളത്തിൽ നിലവില്‍ 300 മദ്യശാലകൾ മാത്രമാണുള്ളത്. എന്നാൽ കേരളത്തിലേതിനേക്കാള്‍ ചെറിയ പ്രദേശമായ മാഹിയിൽ ഇതിനേക്കാൾ മദ്യഷാപ്പുകൾ നിലവിലുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ബിവറേജസ് ഔട്ട് ലെറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങൾ ഓഡിറ്റ് നടത്തുകയും മദ്യ വിൽപ്പന ശാലകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ നടപടിയെടുത്തുകൂടെ എന്നും ഹൈക്കോടതി ചോദിച്ചു.

അങ്ങിനെ ചെയ്യാന്‍ തയ്യാറാണെന്ന് സർക്കാരും എക്സൈസ് കമ്മീഷണറും കോടതിയെ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ മദ്യശാലകൾക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചതായി വെവ്കോയും എക്സൈസ് കമ്മീഷറും സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു. ഇതോടൊപ്പം തന്നെ ബാറുകള്‍ തുറന്നതോടെ ബിവറേജസ് ഔട്ടലെറ്റുകളിലെ തിരക്ക് ഗണ്യമായി കുറഞ്ഞതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.