തട്ടിക്കൊണ്ടുപോയ പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കണ്ടെത്തിയത് കൈയും കാലും കെട്ടി അർദ്ധനഗ്നയായ നിലയിൽ

single-img
14 July 2021

യുപിയില്‍ വെള്ളിയാഴ്ച തട്ടിക്കൊണ്ടുപോയ പതിനാറു വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഈ യുവതിയെ ഞായറാഴ്ച അർദ്ധനഗ്നയായി കൈയും കാലും കെട്ടിയിട്ട നിലയിൽ കണ്ടെത്തി. യുപിയിലെ മേൻപുരി ജില്ലയിലെ ബിച്വ മേഖലയിലാണ് യുവതിയെ ഈ നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ വെള്ളിയാഴ്ച മുതൽ അടുത്ത മൂന്നു ദിവസത്തേക്ക് മൂന്നുപേരാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

അതേസമയം, പെൺകുട്ടിയെ അവശയായി കണ്ടെത്തിയതിനു ശേഷം പരാതി നൽകിയിട്ടും പൊലീസ് ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്ന് ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. പക്ഷെ ഈ ആരോപണത്തെ പൊലീസ് തള്ളിക്കളഞ്ഞു. ഈ മാസം ഒമ്പതാം തിയതി പ്രദേശത്തെ ഒരു സംഘം യുവാക്കൾ ചേർന്ന് തന്റെ സഹോദരിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നെന്ന് ബലാത്സംഗത്തിന് ഇരയായ യുവതിയുടെ സഹോദരൻ പറയുന്നു.

കേസിലെ പ്രതികളെ രക്ഷിക്കുന്നതിനു വേണ്ടി പൊലീസ് സഹോദരിയുടെ മേൽ സമ്മർദ്ദം ചെലുത്തിയെന്നും സഹോദരൻ ആരോപിക്കുന്നു. പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തി എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും പൊലീസ് അത് അവഗണിക്കുകയായിരുന്നെന്നും കേസ് കാര്യമായി പരിഗണിച്ചില്ലെന്നും സഹോദരൻ പറഞ്ഞു. എന്നാല്‍ പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുമായി ബന്ധപ്പെട്ട് എഫ് ഐ ആർ രജിസ്റ്റർ ചെയ്തെന്ന് പൊലീസ് പറയുന്നു . പെൺകുട്ടിയുടെ മൊഴി തിങ്കളാഴ്ച മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തിയെന്ന് മെയിൻപുരി സർക്കിൾ ഓഫീസർ അഭയ് നാരായണനെ ഉദ്ധരിച്ച് പൊലീസ് അറിയിച്ചു.