മിനിമം വേതനമില്ല; കുടിവെള്ളമില്ല; ശുചിമുറിയില്ല; അവധി ദിവസങ്ങളിലും അധികവേതനമില്ലാതെ ജോലി: കിറ്റക്സിനെതിരെ തൊഴിൽ വകുപ്പിൻ്റെ റിപ്പോർട്ട്

single-img
13 July 2021
kitex sabu labour department

കിഴക്കമ്പലത്തെ കിറ്റക്സിൽ ഗുരുതരമായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി തൊഴിൽ വകുപ്പിൻ്റെ റിപ്പോർട്ട്. തൊഴിലാളികൾക്ക് മിനിമ വേതനം നൽകുന്നില്ല, അവധി ദിനങ്ങളിലും തൊഴിലാളികളെ കൊണ്ട് വേതനം നല്‍കാതെ തൊഴില്‍ ചെയ്യിക്കുന്നു, വേണ്ടത്ര ശുചിമുറികള്‍ ഇല്ല, കുടിവെള്ളം ഉറപ്പ് വരുത്തിയില്ല എന്നിങ്ങനെ ഗുരുതരമായ കാര്യങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്.

മിനിമം വേതനം ഒരുക്കുന്നതില്‍ പരാജയപ്പെട്ടു, അനധികൃതമായി ജീവനക്കാര്‍ക്ക് പിഴ ചുമത്തി, വാര്‍ഷിക വരുമാനം സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടു, തൊഴിലാളികളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന രജിസ്റ്റര്‍ സൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു തുടങ്ങിയ കാര്യങ്ങൾ റിപ്പോര്‍ട്ടില്‍ പരാമർശിക്കുന്നു. മാനേജ്‌മെന്റിന്റേയും തൊഴിലാളികളുടേയും കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് തൊഴില്‍ വകുപ്പ് റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ പറയുന്നു.

തദ്ദേശീയ ജീവനക്കാര്‍ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുമായി രണ്ട് റിപ്പോര്‍ട്ടാണ് തൊഴില്‍വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കെതിരെയാണ് തൊഴില്‍ നിയമങ്ങളുടെ വലിയ ലംഘനം നടന്നിരിക്കുന്നത്. ഇവര്‍ക്ക് മിനിമം വേതനം ഒരുക്കുന്നില്ല, ദേശീയ പ്രാദേശിക അവധി ദിവസങ്ങളിലും ഇവരെ കൊണ്ട് ജോലിചെയ്യിക്കുന്നു, ജോലി ചെയ്യുന്നതിന് അധിക വേതനം ഉറപ്പാക്കുന്നില്ല, ശുചിമുറി, കുടിവെള്ളം ഉള്‍പ്പെടെയുള്ള സൗകര്യം ഉറപ്പാക്കുന്നില്ല തുടങ്ങിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.