ഡീ മരിയ ബ്രസീലിനെതിരെ വിജയഗോള്‍ നേടിയത് നീരുവെച്ച് വീര്‍ത്ത കാലുമായി

single-img
13 July 2021

കോപ്പ അമേരിക്ക ഫൈനലില്‍ റോഡ്രിഗോ ഡീ പോള്‍ ഉയര്‍ത്തിയിട്ടുകൊടുത്ത ലോങ് ബോള്‍ ഡീ മരിയ കൃത്യമായി പിടിച്ചെടുത്ത് ബ്രസീലിന്റെ ഗോള്‍ വലയിലേക്ക് കോരിയിടുമ്പോള്‍ അതൊരു ചരിത്ര നിമിഷമായി മാറുകയായിരുന്നു. മത്സരത്തില്‍ ബ്രസീലിനെതിരെ ആദ്യ പകുതിയില്‍ ഡീ മരിയ നേടിയ ഗോളാണ് അര്‍ജന്റീനയെ വിജയികളാക്കിയത്. എന്നാല്‍ ഇതാ, ഡീ മരിയ ആ ഗോള്‍ നേടിയത് നീരുവന്ന് വീര്‍ത്തുമുട്ടിയ കാലുമായാണ് എന്നതാണ് പുതിയ വിവരം.

ഡീ മരിയയുടെ ജീവിത പങ്കാളിയായ ജോര്‍ജെലിന കാര്‍ഡോസോയാണ് ഈ വിവരം പങ്കുവച്ചത്. പരുക്കുപറ്റിയ കാലുമായാണ് ഡീ മരിയ ബ്രസീലിനെതിരെ ആദ്യ ഇലവനില്‍ തന്നെ കളിക്കാനിറങ്ങിയത്. കാലില്‍ സാമാന്യം നീരുണ്ടായിരുന്നു. ഇതോടൊപ്പം അസഹനീയമായ വേദനയും. വിജയിച്ചശേഷം നാട്ടില്‍ തിരിച്ചെത്തിയ ശേഷമുള്ള ഡീ മരിയയുടെ കാലിന്റെ ചിത്രമാണ് ജോര്‍ജെലിന ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്.

ഫൈനല്‍ മത്സരത്തില്‍ രണ്ടാം പകുതിയുടെ 33ആം മിനിട്ടിലാണ് ഡീ മരിയയെ അര്‍ജന്റീന പിന്‍വലിച്ചത്. അദ്ദേഹത്തിന്കാലുവേദന സഹിക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് പിന്‍വലിക്കേണ്ടി വന്നതെന്നും അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.