ജീവിതത്തില്‍ ബുദ്ധിമുട്ടുകളില്ലെങ്കില്‍ സന്തോഷ നിമിഷങ്ങള്‍ ആസ്വദിക്കാനാവില്ല; ഇന്ധന വിലവര്‍ദ്ധനവില്‍ മധ്യപ്രദേശ് മന്ത്രി

single-img
11 July 2021

ജീവിതത്തില്‍ ബുദ്ധിമുട്ടുകളില്ലെങ്കില്‍ സന്തോഷ നിമിഷങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കില്ലെന്ന് മധ്യപ്രദേശ് മന്ത്രി ഓം പ്രകാശ് സക്ലേച. രാജ്യമാകെ തുടര്‍ച്ചയായി ഇന്ധനവില കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തില്‍ വിലവര്‍ദ്ധനയെ കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘നിങ്ങള്‍ വളരെ സന്തോഷത്തിലായിരുന്ന നല്ല നിമിഷങ്ങളെക്കുറിച്ച് ഓര്‍മ്മപ്പെടുത്താന്‍ ഇതുപോലുള്ള വിഷമഘട്ടങ്ങള്‍ സഹായിക്കും. ജീവിതത്തില്‍ ചിലപ്പോഴൊക്കെ വിഷമങ്ങള്‍ ഇല്ലെങ്കില്‍ സന്തോഷ നിമിഷങ്ങളെ നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുകയില്ല’, മന്ത്രി പറഞ്ഞു.

ഇതോടൊപ്പം ഇന്ധന വില വര്‍ദ്ധനവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നതിനെയും അദ്ദേഹം ശക്തമായി എതിര്‍ത്തു.മാത്രമല്ല, പേര് പരാമര്‍ശിക്കാതെ കോണ്‍ഗ്രസ് പാര്‍ട്ടിയെയും ഓംപ്രകാശ് വിമര്‍ശിച്ചു. നമ്മുടെ രാജ്യത്തെ ഒരു പഴയ പാര്‍ട്ടി പോളിയോ വാക്‌സിന്‍ എടുക്കാന്‍ 40 വര്‍ഷത്തോളം എടുത്തുവെന്നും എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ കോവിഡ് വാക്‌സിന്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ലഭ്യമാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.