രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവർക്ക് സർക്കാർ ആനുകൂല്യങ്ങളും ജോലിയുമില്ല; ജനസംഖ്യാ നയം കർശനമാക്കാൻ യുപി സർക്കാർ

single-img
10 July 2021

രാജ്യത്ത് അസമിന്​ പിന്നാലെ ജനസംഖ്യ നിയന്ത്രണത്തിനായി​ നിയമ നിർമാണം നടപ്പാക്കാനൊരുങ്ങുകയാണ് യുപി​ സർക്കാർ. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങളെ സർക്കാർ ആനുകൂല്യങ്ങളും ജോലിയും ലഭിക്കുന്നതിൽ നിന്നും വിലക്കാനുള്ള വ്യവസ്ഥയാണ് സര്‍ക്കാര്‍ കൊണ്ടുവന്ന കരട് ബില്ലിലുള്ളത്. മാത്രമല്ല, ജനസംഖ്യ നിയന്ത്രണ ചട്ടങ്ങൾ പാലിക്കുന്നവർക്ക്​ പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ സർക്കാർ ജോലിയ്ക്ക് അപേക്ഷ നൽകുന്നതിൽ നിന്നും ഉള്‍പ്പെടെയുള്ള വിലക്കാനാണ് സർക്കാർ തീരുമാനം. ഇതിനെല്ലാം പുറമേ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തും. എന്നാല്‍ രണ്ട് കുട്ടികൾ മാത്രമുള്ള കുടുംബങ്ങൾക്ക് നിരവധി ആകർഷകമായ ആനുകൂല്യങ്ങൾ നൽകാനും സർക്കാർ ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നു.

ബില്ലിലെ വ്യവസ്ഥ പ്രകാരം രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക്​ സർക്കാർ സബ്​സിഡിയോ ക്ഷേമപദ്ധതി ആനുകൂല്യങ്ങളോ ലഭിക്കില്ല. ഇതിനോടകം സർക്കാർ ജോലിയിൽ പ്രവേശിച്ചവർക്ക്​ സ്ഥാനകയറ്റം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല. ​കുടുംബത്തിന്‍റെ റേഷൻ കാർഡിൽ നാലംഗങ്ങളെ മാത്രമേ ഉൾപ്പെടുത്തൂ.എന്നാല്‍ ജനസംഖ്യാ നയം കൃത്യമായി പാലിക്കുന്ന കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം നൽകുകയും ചെയ്യും. രണ്ട് കുട്ടികളുള്ള സർക്കാർ ജീവനക്കാരുടെ പിഎഫ് ഉൾപ്പെടെ വർധിപ്പിക്കുമെന്നും സർക്കാർ അറിയിച്ചു. ഒരു കുട്ടി മാത്രമുള്ള കുടുംബങ്ങൾ കൂടുതൽ ആനുകൂല്യങ്ങളാകും ലഭിക്കുക. വെള്ളം, വൈദ്യുതി, വീട്ടുനികുതി എന്നിവയിൽ ഇളവും ലഭിക്കും.