യോഗി സർക്കാർ യുപിയില്‍ അധികാരത്തിൽ തുടരും; ഐ എ എൻ എസ്- സീവോട്ടർ സർവ്വേ ഫലം

single-img
9 July 2021

നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വിജയിച്ച് യുപിയില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാർ തന്നെ അധികാരത്തിലെത്തുമെന്ന് ഐ എ എൻ എസ്- സീവോട്ടർ സർവ്വേ ഫലം. സര്‍വെയില്‍ പങ്കെടുത്ത 52 ശതമാനം പേരാണ് യോഗി സർക്കാർ അധികാരത്തിൽ വരണമെന്ന് അഭിപ്രായപ്പെട്ടത്. 37 പേർ മറിച്ചും ചിന്തിക്കുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 312 സീറ്റുമായി 2017ൽ അധികാരത്തില്‍ വന്ന യോഗി സർക്കാരിന്റെ കൊവിഡ് കാലത്തെ പ്രവർത്തനങ്ങൾ ധാരാളം വിമർശനങ്ങൾക്ക് കാരണമായിരുന്നു. പക്ഷെ സംസ്ഥാനത്തെ ജനങ്ങൾ അതൊന്നും കാര്യമാക്കുന്നില്ലെന്നതാണ് സർവ്വേ ഫലം നല്‍കുന്ന സൂചന.

സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷികളായ എസ് പിയും ബി എസ് പിയും 47 ഉം 19 ഉം സീറ്റുകൾ മാത്രമാണ് കഴിഞ്ഞ തവണ സ്വന്തമാക്കിയത്. ഇക്കുറിയും ഇവർക്ക് കാര്യമായ മുന്നേറ്റം നടത്താൻ സാധിക്കുമെന്ന് കരുതുന്നില്ല. 2022 മാർച്ചിലാണ് ഉത്തർപ്രദേശിലെ ബി ജെ പി സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നത്. വരുന്ന ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ് ഉണ്ടാകും.