ഐഷ സുൽത്താനയ്ക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന കമ്മിറ്റി പ്രമേയം

single-img
9 July 2021

ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ ‘ ബയോവെപ്പന്‍’ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം നേരിടുന്ന ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്ക്ക് പിന്തുണയുമായി പ്രമേയം പാസാക്കി സിപിഎം സംസ്ഥാന കമ്മിറ്റി. ഐഷയെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കാനുള്ള ലക്ഷദ്വീപ് പൊലീസിന്റെ ഹീനമായ നീക്കത്തിൽ പ്രമേയത്തിൽ പ്രതിഷേധം രേഖപ്പെടുത്തി.

ദ്വീപ് ഭരണകൂടം ജനങ്ങളില്‍ നടപ്പാക്കുന്ന ജനവിരുദ്ധമായ പരിഷ്‌ക്കാര നടപടികളെ ദ്വീപ്ജനത ഒന്നിച്ച് എതിർക്കുകയാണ്. ഭരണകൂട അടപടികള്‍ക്കെതിരെ മാധ്യമങ്ങളിൽ വിമർശനമുയർത്തി എന്നതാണ് ഐഷയ്‌ക്കെതിരായ ഇപ്പോഴുള്ള നടപടികൾക്ക് കാരണം. കേരള ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയ കാരണം ഐഷയെ ജയിലിലടക്കാനുള്ള ദ്വീപ് പൊലീസിന്റെ നീക്കം പരാജയപ്പെട്ടു .

എന്നിട്ടുപോലും ചോദ്യംചെയ്യാനെന്ന പേരിൽ വിളിച്ചുവരുത്തി അവരെ രണ്ടുദിവസം പൊലീസ് ഭീഷണിപ്പെടുത്തിയെന്നും പ്രമേയത്തിൽ പറയുന്നു.അതേപോലെ തന്നെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ശേഷം പോലീസ് പിടിച്ചെടുത്ത ലാപ്‌ടോപ്പിൽ കൃത്രിമമായി രേഖകൾ കയറ്റി ഐഷയ്‌ക്കെതിരായി തെളിവുകളെന്ന പേരിൽ ഉപയോഗപ്പെടുത്താൻ സാധ്യതയുണ്ടെന്ന ആശങ്ക ഉയർന്നിട്ടുണ്ടെന്നും പ്രമേയം പറയുന്നു. ഭീമ-കൊറേഗാവ് കേസിൽ ഫാ. സ്റ്റാൻ സ്വാമിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന വ്യാജരേഖകൾ അദ്ദേഹത്തിൽനിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പിൽ കയറ്റിയിരുന്നെന്ന വസ്തുത പുറത്തുവന്നിട്ടുണ്ടെന്നും പ്രമേയത്തിൽ പരാമര്‍ശിക്കുന്നു.