തിരമാലയില്‍ പ്രത്യക്ഷപ്പെട്ട ജലദേവന്റെ ഫോട്ടോ പകര്‍ത്തി ബിബിസി ഫോട്ടോഗ്രാഫര്‍

single-img
9 July 2021

ഗ്രീക്ക് മിത്തുകളിലെ നെപ്ട്യൂണ്‍ ദേവനെ ജല ദേവനായിട്ടാണ് കണക്കാക്കുന്നത്. സമുദ്രത്തിന്റെ ആഴങ്ങളില്‍ അദ്ദേഹം വസിക്കുന്നെന്നാണ് വിശ്വാസം. വെളുത്ത താടിയും മുടിയുമുള്ള ഒരു വൃദ്ധരൂപമായ നെപ്ട്യൂണിന്റെ മുഖസാദൃശ്യമുള്ള ഒരു തിരയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സിയായ ബിബിസിയുടെ ഫോട്ടോഗ്രാഫര്‍ ജെഫ് ഓവേഴ്സാണ് ഈ വൈറല്‍ ചിത്രം പകര്‍ത്തിയത്. ബിബിസി തന്നെ ഈ ചിത്രത്തെ നെപ്ട്യൂണുമായി താരതമ്യം ചെയ്യുന്നു.ലണ്ടനിലുള്ള ഈസ്റ്റ് സസെക്‌സിലെ ന്യൂഹാവനിലെ ബീച്ചില്‍ വച്ചാണ് ഈ ചിത്രം പകര്‍ത്തുന്നത്.

മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ തിരമാലകള്‍ ഉയരുന്ന ദൃശ്യമാണ് ചിത്രത്തിലുള്ളത്. ചിത്രത്തില്‍ സൂക്ഷിച്ച് നോക്കിയാല്‍, നെപ്റ്റിയൂണിന്റെ നെറ്റിയും, കണ്ണുകളും, മൂക്കും, താടിയും എല്ലാം നമുക്ക് സങ്കല്പിക്കാന്‍ സാധിക്കും. ‘ഇത് തികച്ചും സ്വാഭാവികമായ ഒരു ഷോട്ടാണ്. ഞാന്‍ അതില്‍ ഒന്നും തന്നെ ചെയ്തിട്ടില്ല,’ ഓവേഴ്സ് പറഞ്ഞു.

ഫോട്ടോഗ്രാഫേഴ്‌സിന്റെ പ്രിയപ്പെട്ട ഇടമാണ് ആ ബീച്ചെന്ന് ഒവേര്‍സ് പറയുന്നു. കടല്‍ഭിത്തിയില്‍ ശക്തമായി വന്നടിക്കുന്നു തിരകള്‍ ഇത്തരം പാറ്റേണുകള്‍ സൃഷ്ടിക്കുന്നത് അവിടെ ഒരു പതിവ് കാഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.