സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു

single-img
8 July 2021

കേരളത്തില്‍ ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തലസ്ഥാനത്തെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലെ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സാധാരണയായികൊതുകുകള്‍ വഴി പടരുന്ന രോഗമാണ് സിക്ക.

കേരളത്തില്‍ വന്നിട്ടുള്ള ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയക്കും സമാനമായ രോഗലക്ഷണം തന്നെയാണ് സിക്ക വൈറസ് ബാധയ്ക്കും. പകല്‍ സമയം കടിക്കുന്ന ഈഡിസ് വിഭാഗത്തില്‍പെട്ട കൊതുകാണ് വൈറസ് പരത്തുന്നത്. സിക്ക വൈറസ് ബാധയ്ക്ക് പ്രത്യേകിച്ച് ചികിത്സ ലഭ്യമല്ല എന്നതാണ് പ്രത്യേകത. രോഗ ലക്ഷണങ്ങള്‍ക്ക് അനുസരിച്ചുള്ള ചികിത്സയാണ് രോഗികള്‍ക്ക് നല്‍കുക.

അതേസമയം സിക്ക വൈറസ് ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറില്ല. പൂര്‍ണ്ണമായി വിശ്രമിച്ചാല്‍ രോഗവും മാറും. പക്ഷെ ഗര്‍ഭിണികളെയാണ് ബാധിക്കുന്നതെങ്കില്‍ ഗര്‍ഭസ്ഥശിശുക്കളുടെ തലയോട്ടിക്ക് വളര്‍ച്ചക്കുറവ് ഉള്‍പ്പെടെ ആരോഗ്യപ്രശ്‌നങ്ങള്‍ സംഭവിച്ചേക്കാം. അതുകൊണ്ടുതന്നെ ഗര്‍ഭിണികള്‍ അതീവജാഗ്രത പുലര്‍ത്തണം.