ആക്ഷേപ പോസ്റ്റ്; ആനി ശിവയുടെ പരാതിയില്‍ അഡ്വ സംഗീത ലക്ഷ്മണയ്ക്കെതിരെ കേസെടുത്തു

single-img
8 July 2021

പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആയ ആനി ശിവയെ ആക്ഷേപിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിൽ ആനി ശിവയുടെ പരാതിയില്‍ അഡ്വ. സംഗീത ലക്ഷ്മണയ്ക്കെതിരെ പോലീസ് കേസെടുത്തു. കൊച്ചി പോലീസ് എടുത്തിരിക്കുന്ന കേസില്‍ സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്ട് എന്നിവയാണ് ചുമത്തിയിട്ടുള്ളത്.

നേരത്തേ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ എസ് ഐ ആയി ചുമതലയേറ്റതിന് പിന്നാലെയാണ് ആനി ശിവയെ അധിക്ഷേപിച്ച് സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്.

“ഇവളിനി പോലീസ് വകുപ്പിൽ എന്തെല്ലാം കാട്ടി കൂട്ടുമോ ഈശ്വരാ…’ എന്നാണ്. ഇവളൊരുത്തി മാത്രമെ ഉള്ളോ അതിജീവനത്തിൻ്റെ പാത വഴി സർക്കാർ ജോലി നേടിയ പെണ്ണ് നമ്മുടെ നാട്ടിൽ എന്നാണ്. ഹോ!!!” എന്നെല്ലാം അവര്‍ എഴുതിയിരുന്നു.

ആ സമയം തന്നെ പ്രസ്തുത പോസ്റ്റ്‌ ആനി ശിവയുടെ അഭിമാനത്തെ ക്ഷതപ്പെടുത്തുന്നതാണ് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകൻ അഡോഫിൻ മാമച്ചന്‍ പരാതി നൽകിയിരുന്നു. പക്ഷെ ഇതൊന്നും തന്നെ ബാധിക്കില്ലെന്നും ഡിപ്പാര്‍ട്ടുമെന്റ് ആവശ്യപ്പെട്ടാൽ അന്വേഷണവുമായി സഹകരിക്കുമെന്നും ആനി ശിവ പ്രതികരിച്ചിരുന്നു.