‘പരസ്യപ്രതികരണങ്ങള്‍ വേണ്ട, സർക്കാരിന് നാണക്കേടുണ്ടാക്കരുത്‘; ഐഎന്‍എല്ലിന് സിപിഐഎമ്മിന്റെ താക്കീത്; പോരിന് താൽക്കാലിക വിരാമം

single-img
7 July 2021
cpm inl warning a vijayaraghavan Kassim irikkoor

എല്‍ഡിഎഫിനും സര്‍ക്കാരിനും നാണക്കേട് ഉണ്ടാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളുണ്ടാകരുതെന്നും നേതാക്കള്‍ പരസ്യ പ്രതികരണം നടത്തരുതെന്നും ഐഎന്‍എല്‍ നേതാക്കള്‍ക്ക് സിപിഐഎമ്മിന്റെ താക്കീത്. സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനും ഐഎന്‍എല്‍ നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സിപിഐഎം ഐഎൻഎല്ലിന് കർശന നിർദ്ദേശം നൽകിയത്.

അതേസമയം, ആരോപണങ്ങളെല്ലാം ബാലിശവും വ്യാജവുമാണെന്ന് ഐഎന്‍എല്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ചര്‍ച്ചയ്ക്കുശേഷം പ്രതികരിച്ചു. സര്‍ക്കാരിന്റെയും എല്‍ഡിഎഫിന്റെയും പ്രതിച്ഛായയ്ക്ക് കോട്ടം തട്ടാതെ ഇരിക്കേണ്ടത് എല്‍ഡിഎഫിന്റെ ഘടകകക്ഷിയെന്ന നിലയ്ക്ക് ഐഎന്‍എല്ലിന്റെയും ആവശ്യമാണ്. ആ നിര്‍ബന്ധമുള്ളതുകൊണ്ട് ആ വഴിക്കുതന്നെയാണ് കാര്യങ്ങള്‍ എല്ലാം ചര്‍ച്ചചെയ്തിട്ടുള്ളത്. എന്നാല്‍ ആരോപണങ്ങളെക്കുറിച്ചല്ല ചര്‍ച്ചകള്‍ നടന്നതെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു. എന്നാല്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്‌തെന്നായിരുന്നു ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് വി പി അബ്ദുള്‍ വഹാബിന്റെ പ്രതികരണം.

ഐഎന്‍എല്‍ നേതൃത്വം പാര്‍ട്ടിക്ക് ലഭിച്ച പിഎസ്‌സി അംഗത്വം 40 ലക്ഷം രൂപയ്ക്ക് വിറ്റെന്ന ആരോപണം പുകയുന്നതിനിടെയാണ് നടപടി. ആരോപണം ഉന്നയിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇസി മുഹമ്മദിനെ കഴിഞ്ഞദിവസം ഐഎന്‍എല്‍ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. കാസിം ഇരിക്കൂര്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെയായിരുന്നു ഇസി മുഹമ്മദ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. ആരോപണങ്ങള്‍ കടുത്തതോടെ നേതൃത്വവുമായി ഇടഞ്ഞ് പിടിഎ റഹീം വിഭാഗം പാര്‍ട്ടി വിടാനൊരുങ്ങുകയാണെന്നും സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് സിപിഐഎം വിഷയത്തില്‍ ഇടപെടുന്നത്.

അതേസമയം, കോഴ ആരോപണത്തിന് പിന്നില്‍ മുസ്ലീം ലീഗാണെന്നാണ് ഐഎന്‍എല്‍ നേതാക്കളുടെ പ്രത്യാരോപണം. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ ഇസി മുഹമ്മദിനുമേല്‍ ലീഗ് സമ്മര്‍ദ്ദം ചെലുത്തിയതിനാലാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചതെന്നാണ് ഐഎന്‍എല്‍ പ്രതികരിച്ചത്. അത്തരത്തില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസി മുഹമ്മദിനെ പാര്‍ട്ടിയില്‍ നിന്ന് നീക്കിയത്. ഐഎന്‍എല്‍ സംസ്ഥാന കമ്മറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്ന് ദേശീയ നേതൃത്വമാണ് നടപടി സ്വീകരിച്ചത്.

Content Highlights: CPI(M), INL, A Vijayaraghavan, Kassim Irikkur