സഹായം ചോദിക്കാന്‍ വിളിച്ച വിദ്യാർത്ഥിയോട് കയർത്ത് സംസാരിച്ചു; മുകേഷ് എംഎൽഎക്കെതിരെ ആരോപണം

single-img
4 July 2021

ഫോണിലൂടെ സഹായം അഭ്യർത്ഥിക്കാൻ വിളിച്ച വിദ്യാർത്ഥിയോട് മുകേഷ് എം എൽ എ കയർത്ത് സംസാരിച്ചെന്ന് ആരോപണം. കുട്ടി താന്‍ പാലക്കാട് നിന്നാണ് വിളിക്കുന്നതെന്ന് പരിചയപ്പെടുത്തുകയും അത്യാവശ്യകാര്യം പറയാനാണ് വിളിക്കുന്നതെന്ന് പറഞ്ഞപ്പോൾ ആറ് പ്രാവശ്യം എന്തിനാണ് വിളിച്ചതെന്ന് ചോദിച്ച മുകേഷ്. പാലക്കാട് നിന്ന് കൊല്ലം എംഎൽഎയെ വിളിക്കേണ്ട ഒരു കാര്യവുമില്ലെന്ന് ആദ്യം പറഞ്ഞു.

താന്‍ ഒരു പത്താം ക്ലാസ് വിദ്യാർത്ഥിയാണ് എന്ന് പറഞ്ഞപ്പോൾ എന്ത് ആവശ്യമാണെങ്കിലും പാലക്കാട് എംഎൽഎ ജീവനോടെയില്ലേ എന്ന് മുകേഷ് ചോദിച്ചു. ഇതിന്‍റെ ഓഡിയോ സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. തന്റെ കൂട്ടുകാരനാണ് മുകേഷിന്റെ നമ്പർ നൽകിയതെന്ന് അറിയിച്ചപ്പോൾ ആ നമ്പർ തന്ന കൂട്ടുകാരന്റെ കരണക്കുറ്റിക്ക് അടിക്കണമെന്നായിരുന്നു മുകേഷിന്റെ പ്രതികരണം.

‘സ്വന്തം മണ്ഡലത്തിലുള്ള എംഎൽഎയുടെ നമ്പർ തരാതെ വേറെയേതോ രാജ്യത്തുള്ള എംഎൽഎയുടെ നമ്പർ തന്ന അവൻ എന്നിട്ട് എന്താ പറഞ്ഞത് ?’ മുകേഷ് ചോദിച്ചു. വിളിച്ചു നോക്കാൻ പറഞ്ഞുവെന്ന് വിദ്യാർത്ഥി പറഞ്ഞപ്പോൾ വേണ്ട ആദ്യം സ്വന്തം എംഎൽഎയെ വിളിച്ചിട്ട് മാത്രം എന്നെ വിളിച്ചാൽ മതിയെന്ന് മുകേഷ് പറഞ്ഞു. ഇതിപ്പോൾ സ്വന്തം എംഎൽഎ മരിച്ചുപോയതു പോലെയാണല്ലോ നിങ്ങൾ എന്നെ വിളിക്കുന്നത്-മുകേഷ് ചോദിച്ചു.

ഒറ്റപ്പാലത്തു നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞപ്പോൾ ഒറ്റപ്പാലം എംഎൽഎ ആരാണെന്ന് ചോദിക്കുന്ന മുകേഷിനോട് അറിയില്ലെന്ന് വിദ്യാർത്ഥി തിരിച്ചുപറഞ്ഞതോടെ ‘ സ്വന്തം എംഎൽഎ ആരാണെന്ന് അറിയാത്ത നീയൊക്കെ എന്റെ മുമ്പിലുണ്ടായിരുന്നെങ്കിൽ ചൂരൽ വിച്ച് അടിച്ചേനേ’ എന്നായിരുന്നു മുകേഷിന്റെ പ്രതികരണം. മേലാൽ എംഎൽഎയെ വിളിക്കാതെ എന്നെ വിളിക്കരുതെന്ന മുകേഷിന്റെ മുന്നറിയിപ്പുമായാണ് ശബ്ദസന്ദേശം അവസാനിക്കുന്നത്. എന്നാല്‍ ഈ ശബ്ദസന്ദേശത്തെ കുറിച്ച് മുകേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.