വ്യക്തികളല്ല പാർട്ടി; കൊടകര കേസില്‍ കെ സുരേന്ദ്രനെ കൈവിട്ട് ശോഭാ സുരേന്ദ്രന്‍

single-img
3 July 2021

തൃശൂര്‍ ജില്ലയിലെ കൊടകരയില്‍ പിടിക്കപ്പെട്ട കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് നേരിട്ട് പിന്തുണ നൽകാതെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ആരോപണങ്ങളില്‍ സുരേന്ദ്രൻ വിശദീകരിക്കുന്നുണ്ടെന്നും വ്യക്തികളല്ല പാർട്ടിയെന്നും ശോഭാ സുരേന്ദ്രൻ പ്രതികരിക്കുകയായിരുന്നു. അദ്ദേഹം കേസിൽ നിയമ നടപടികൾക്ക് അദേഹം വിധേയൻ ആകുന്നില്ലെങ്കിൽ സംസ്ഥാന ആഭ്യന്തര വകുപ്പിന് പരിശോധിക്കാം.

ഒരിക്കലും കെ സുരേന്ദ്രൻ ഒളിവിൽ അല്ല. അദ്ദേഹം ഒളിവിൽ ആണെന്ന് പറയുന്നത് സർക്കാരിൻ്റെ ഒളിച്ച് കളി മാത്രമെന്നും ശോഭാ സുരേന്ദ്രൻ ആരോപിക്കുന്നു. അതേസമയം, വിവാദമായ കരിപ്പൂര്‍ സ്വർണക്കടത്ത് കേസിൽ സിപിഎം നേതാക്കൾ പ്രതിരോധത്തിലായതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് തനിക്കെതിരായ ക്രൈംബ്രാഞ്ച് നോട്ടീസിന് പിന്നിലെന്നാണ് കെ സുരേന്ദ്രൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

ചോദ്യം ചെയ്യലിനായി എപ്പോൾ ഹാജരാകണമെന്ന് തീരുമാനിച്ചിട്ടില്ല. നോട്ടീസിൽ പറഞ്ഞിട്ടുള്ള ദിവസം ഹാജരാകണമെന്ന് നിയമമില്ല. വരുന്ന ചൊവ്വാഴ്ച ബിജെപിയുടെ സംസ്ഥാന ഭാരവാഹിയോഗം തീരുമാനിച്ചിട്ടുണ്ടെന്നും കെ.സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.