യുഎസ്-നാറ്റോ സേന പൂര്‍ണ്ണമായും പിന്മാറി; രണ്ട് ദശാബ്ദം നീണ്ട അഫ്ഗാൻ യുദ്ധത്തിന് അന്ത്യം

single-img
2 July 2021

ഇരുപത് വർഷക്കാലം നീണ്ടുനിന്ന അഫ്ഗാനിസ്താനിലെ യുഎസ്-നാറ്റോ സൈനികനടപടികൾക്ക് അവസാനമായി. അഫ്ഗാനിൽ ഉണ്ടായിരുന്ന അവസാന യുഎസ്, നാറ്റോ സൈനികരും കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചു. അമേരിക്കൻ- നാറ്റോ സൈനികനീക്കങ്ങളുടെ കേന്ദ്രമായിരുന്ന ബാഗ്രാം വ്യോമതാവളം പിന്നിൽ ഉപേക്ഷിച്ചാണ് അമേരിക്ക സൈനിക പിന്മാറ്റം ഔദ്യോഗികമായി തന്നെ പൂർത്തിയാക്കിയത്.

ഇന്നേവരെയുള്ള അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദീര്‍ഘമായ യുദ്ധം കൂടിയാണ് ഇതോടെ അവസാനിച്ചത് . ധാരാളം സാധാരണക്കാരുടെ ജീവനെടുക്കുകയും കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും നിശ്ശേഷം നശിപ്പിക്കുകയും ചെയ്ത യുദ്ധത്തിൽ നിരവധി യുഎസ്, നാറ്റോ സൈനികർക്കും ജീവൻ നഷ്ടമായിരുന്നു.

അമേരിക്കയിൽ കഴിഞ്ഞ, ഡൊണാൾഡ് ട്രംപിന്റെ കാലത്തുതന്നെ ഘട്ടംഘട്ടമായുള്ള സേനാ പിന്മാറ്റം ആരംഭിച്ചിരുന്നു. ഒടുവിൽ അഫ്‌ഗാനിൽ 3,500ഓളം യുഎസ് സൈനികരായിരുന്നു ശേഷിച്ചിരുന്നത്. ഇതിനുപുറമെ 7,000ത്തോളം യുഎസ് ഇതര നാറ്റോ സൈനികരുമുണ്ടായിരുന്നു. അതേസമയം, തങ്ങളുടെ അഫ്ഗാൻ ദൗത്യം പൂർണമായതായി കഴിഞ്ഞ ദിവസം നാറ്റോ അംഗരാജ്യങ്ങളായ ജർമനിയും ഇറ്റലിയും പ്രഖ്യാപിച്ചിരുന്നു.

നിലവിൽ അഫ്‌ഗാന്റെ സുരക്ഷാചുമതല നാറ്റോ പൂർണമായും അഫ്ഗാൻ സർക്കാരിന് കൈമാറിയിരിക്കുകയാണ്. ഇപ്പോൾ പോലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താലിബാൻ സ്വാധീനമുറപ്പിക്കുന്നതിനിടെയാണ് അമേരിക്കയുടെ സമ്പൂർണ പിന്മാറ്റമെന്നതും ശ്രദ്ധേയമാണ്.

2021 സെപ്റ്റംബർ 11നുമുൻപായി അഫ്ഗാനിൽനിന്നുള്ള തങ്ങളുടെ സമ്പൂർണ സൈനിക പിന്മാറ്റമുണ്ടാകുമെന്ന് നേരത്തെ പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു.