സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിക്കുന്നു

single-img
2 July 2021

സംസ്ഥാനത്ത് സ്ത്രീധനത്തിന്റെ പേരില്‍ പ്രതിസന്ധി നേരിടുന്ന പെണ്‍കുട്ടികള്‍ക്കായി പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിക്കുന്നുതായി അറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വര്‍ദ്ധിച്ചു വരുന്ന സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് തുടക്കം കുറിച്ച ‘മകള്‍ക്കൊപ്പം’ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം.

ഇരയാകുന്ന സ്ത്രീകള്‍ക്ക് നിയമസഹായം ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കുന്ന തരത്തിലായിരിക്കും ഈ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ദൌത്യത്തില്‍ വ്യക്തികളും സ്ഥാപനങ്ങളും ഹെല്‍പ് ഡെസ്‌ക്കുകള്‍ ആരംഭിച്ച് പെണ്‍കുട്ടികള്‍ക്ക് പിന്തുണയേകണമെന്നും ആത്മഹ്യയേക്കാള്‍ ഭേദമാണ് വിവാഹമോചനമെന്ന് അവരെ തിരുത്താന്‍ സമൂഹം തയ്യാറാകണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഇനിയിവിടെ സ്ത്രീധനത്തിന്റെ പേരില്‍ ഇനിയൊരു മകളുടെയും ജീവന്‍ നഷ്ടമാകരുത്. സ്ത്രീധന വിവാഹം ഇനി കേരളത്തില്‍ നടക്കരുതെന്നും സ്ത്രീധനം കൊടുക്കില്ലെന്ന് പെണ്‍കുട്ടികളും വാങ്ങില്ലെന്ന് ആണ്‍കുട്ടികളും കര്‍ശനമായി തീരുമാനമെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജീവിതം എന്നത് പരാജയപ്പെട്ട് പിന്‍മാറാനുള്ളതല്ലെന്നും പോരാടാനുള്ളതാണെന്നും പെണ്‍കുട്ടികള്‍ മനസ്സില്‍ ഉറപ്പിക്കണം. നമ്മുടെ സമൂഹം അവരെ ചേര്‍ത്ത് പിടിച്ച് അവര്‍ക്ക് ആത്മവിശ്വാസവും ആത്മധൈര്യവും പകര്‍ന്നുനല്‍കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതാവ് തുടക്കം കുറിച്ച കാമ്പയിനുമായ കെ എസ്യു മുന്നോട്ടു പോകുമെന്ന് സംഘടനയുടെ സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്ത് പറഞ്ഞു.