മക്കള്‍ ആണായാലും പെണ്ണായാലും പഠിച്ച് ജോലി ഒക്കെ നേടി സ്വന്തം കാലില്‍ നില്‍ക്കട്ടെ: ശ്രീധന്യ

single-img
2 July 2021

പ്രശസ്ത നടി ശ്രീധന്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ തരംഗമാകുകയാണ്. പെണ്‍കുട്ടികളുടെ വിവാഹവുമായി ബന്ധപ്പെട്ട വീഡിയോ ആണ് ശ്രീധന്യ പങ്കുവെച്ചിരിക്കുന്നത്. ആണ്‍കുട്ടി ആയാലും പെണ്‍കുട്ടി ആയാലും, അവര്‍ പഠിച്ചു ഒരു ജോലി ഒക്കെ നേടി സ്വന്തം കാലില്‍ നില്‍ക്കട്ടെ. അത്രമാത്രമേ അച്ഛനും അമ്മയ്ക്കും ഉത്തരവാദിത്വം ഉള്ളൂ. അല്ലാതെ അവര്‍ക്കു വേണ്ടി സ്വര്‍ണമോ സ്വത്തോ അല്ല കരുതേണ്ടതെന്നും ശ്രീധന്യ പറയുന്നു.

ശ്രീധന്യയുടെ വാക്കുകള്‍ ഇങ്ങിനെ:

ആദ്യമായിട്ടാണ് ഞാന്‍ ഒരു അഭിപ്രായം പറയാനായി വീഡിയോ ചെയ്യുന്നത്. കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയിലും ചാനലിലും ഒക്കെ കല്യാണം കഴിച്ച പെണ്‍കുട്ടികള്‍ക്കെതിരെ ഒരുപാട് മോശപ്പെട്ട വാര്‍ത്തകള്‍ ആണ് വരുന്നത്. കൊലപാതക ആത്മഹത്യാ വാര്‍ത്തകളും നമ്മള്‍ കേള്‍ക്കുന്നുണ്ട് അല്ലെ. ചെറുപ്പം മുതല്‍ കേള്‍ക്കുന്ന ഒരു വാക്കാണ്, എന്റെ മകളെ കെട്ടിച്ചു അയയ്ക്കുമ്പോള്‍, കല്യാണം കഴിച്ചു അയയ്ക്കുമ്പോള്‍ അല്ലെങ്കില്‍ നാട്ടുകാര്‍ ചോദിക്കും, മകളെ കെട്ടിച്ചു കൊടുക്കുന്നില്ലേ, കല്യാണം നോക്കുന്നില്ലേ എന്ന്. ഇത് പെണ്‍കുട്ടികളുടെ കാര്യത്തില്‍ മാത്രമാണ് കേള്‍ക്കുന്നത്. ആണ്‍കുട്ടികളുടെ കാര്യത്തില്‍ ഇത് കേള്‍ക്കാറില്ല. ഈ ഒരു വിവേചനം പെണ്‍കുട്ടികളോട് മാത്രമാണ്.

മക്കള്‍ ആണ്‍കുട്ടി ആയാലും പെണ്‍കുട്ടി ആയാലും, അവര്‍ പഠിച്ചു ഒരു ജോലി ഒക്കെ നേടി സ്വന്തം കാലില്‍ നില്‍ക്കട്ടെ. അത്രമാത്രമേ അച്ഛനും അമ്മയ്ക്കും ഉത്തരവാദിത്വം ഉള്ളൂ. അല്ലാതെ അവര്‍ക്കു വേണ്ടി സ്വര്‍ണമോ സ്വത്തോ അല്ല കരുതേണ്ടത്. നോര്‍ത്ത് ഇന്ത്യയില്‍ തന്നെ പെണ്‍കുട്ടികള്‍ ജനിച്ചുവീഴുമ്പോള്‍ അന്യന്റെ സ്വത്ത് എന്നാണ് പറയുന്നത്. സമയം ആകുന്ന വരെ നോക്കി വളര്‍ത്തും, സമയം ആകുമ്പോള്‍ പറഞ്ഞുവിടും എന്നാണ് അവര്‍ പറയാറ്.

നമ്മുടെ ഒക്കെ നാട്ടില്‍ പശുക്കള്‍ പ്രസവിച്ചാല്‍ പശുക്കിടാവ് ആണെങ്കില്‍ വീട്ടില്‍ നിര്‍ത്തും. മൂരിക്കുട്ടന്‍ ആണെങ്കില്‍ ഒരു സമയം കഴിയുമ്പോള്‍ വില്‍ക്കും. മൂരിക്കുട്ടി ആണ് എന്ന് അറിയുമ്പോള്‍ തന്നെ നമ്മള്‍ അതാണ് തീരുമാനിക്കുന്നത്. എന്നാല്‍ ആ രീതി പെണ്‍കുട്ടികളില്‍ പരീക്ഷിക്കരുത്.