10 ദിവസത്തിനുള്ളില്‍ രാജ്യം വിട്ടില്ലെങ്കില്‍ ഭാര്യയേയും മക്കളേയും ഉള്‍പ്പടെ കൊല്ലും; തിരുവഞ്ചൂരിന് വധഭീഷണി

single-img
30 June 2021

സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വധഭീഷണി. 10 ദിവസത്തിനുള്ളില്‍ രാജ്യം വിട്ടില്ലെങ്കില്‍ ഭാര്യയേയും മക്കളേയും ഉള്‍പ്പടെ വധിക്കുമെന്നാണ് കോഴിക്കോട് നിന്നും പോസ്റ്റ് ചെയ്ത കത്തില്‍ പറയുന്നത്. തന്നെ ക്രിമിനല്‍ പട്ടികയില്‍പ്പെടുത്തിയതിന്റെ പ്രതികാരമാണെന്നും കത്തില്‍ പറയുന്നുണ്ട്. നിലവില്‍ സംഭവത്തില്‍ തിരുവഞ്ചൂര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

തലസ്ഥാനത്തെ എം എല്‍ എ ഹോസ്റ്റലിലെ തിരുവഞ്ചൂരിന്റെ വിലാസത്തില്‍ ഊമക്കത്തായാണ് വധഭീഷണി ലഭിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമങ്ങളെ അറിയിച്ചു. ഇതോടൊപ്പം, ഈ വധഭീഷണിക്ക് പിന്നില്‍ ടി പി കേസ് പ്രതികളാണെന്നും അദ്ദേഹം ആരോപിച്ചു. ടിപിയുടെ കൊലപാതകം നടക്കുന്ന സമയത്തെ സംസ്ഥാന ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂരിനോട് പ്രതികള്‍ക്ക് വിരോധമുണ്ടെന്നും വധഭീഷണിയില്‍ അടിയന്തരമായ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.