കേരളത്തിലുള്ളത് ഇടത് ഫാസിസത്തിന് മുന്നിൽ മുട്ടിടിക്കുന്ന സാംസ്‌ക്കാരിക ദാരിദ്രം: വി മുരളീധരന്‍

single-img
30 June 2021

കരിപ്പൂർ സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് രാമനാട്ടുകരയിൽ നടന്ന അപകടത്തെ തുടർന്നുണ്ടായ സ്വ‌ർണക്കടത്ത്, ക്വട്ടേഷൻ കേസുകളിൽ ഇടതുപക്ഷത്തിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രതികരിക്കാൻ ആരുമില്ലാതെ പോയ ഗുജറാത്തിൽ ഡിവൈഎഫ്‌ഐ ഉണ്ടായിരുന്നെങ്കിൽ’ എന്ന് ആഗ്രഹിച്ച കലാകാരൻമാർക്ക് ഇപ്പോൾ പ്രതികരണശേഷി നഷ്ടപ്പെട്ടോ എന്ന് കേന്ദ്രമന്ത്രി ഫേസ്‌ബുക്കിലെ കുറിപ്പിലൂടെ ചോദിച്ചു.

പുതുതലമുറയ്ക്ക് ലഹരികടത്തിന്റെയും കള്ളക്കടത്തിന്റെയും ക്വട്ടേഷൻ ഇടപാടുകളുടെയും പാഠങ്ങൾ പകർന്നു നൽകുന്ന ഇടതുയുവജന പ്രസ്ഥാനത്തെക്കുറിച്ച് താരരാജാക്കൻമാർ മൗനം പുലർത്തുന്നതെന്തെന്നും ഡിവൈഎഫ്‌ഐ ഇല്ലാത്ത ഗുജറാത്തിനെക്കാൾ ഏറെ മുകളിലാണ് കള്ളക്കടത്ത്, ക്വട്ടേഷൻ ഇടപാടുകളിൽ ഡിവൈഎഫ്‌ഐ ഉള്ള കേരളമെന്നതിൽ കലാപ്രേമികൾ അഭിമാനിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.

വി മുരളീധരന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് വായിക്കാം:

‘പ്രതികരിക്കാൻ ആരുമില്ലാതെ പോയ ഗുജറാത്തിൽ ഡിവൈഎഫ്‌ഐ ഉണ്ടായിരുന്നെങ്കിൽ’ എന്ന് ആഗ്രഹിച്ച കലാകാരൻമാർക്ക് ഇപ്പോൾ പ്രതികരണശേഷി നഷ്ടപ്പെട്ടോ….? അതോ ഡിവൈഎഫ്‌ഐ നേതാക്കളെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ പേരിലാണെന്ന് ധരിച്ചിരിക്കുകയാണോ നിഷ്‌ക്കളങ്കർ…..?

ഡിവൈഎഫ്‌ഐ ഉള്ളതുകൊണ്ട് കേരളത്തിന് ‘സാംസ്‌ക്കാരികമായും സാമ്പത്തികമായും’ ഉണ്ടാവുന്ന ഉന്നമനത്തിൽ അവരൊക്കെ ഇപ്പോഴും അഭിമാനിക്കുന്നുണ്ടോ ….? പുതുതലമുറയ്ക്ക് ലഹരികടത്തിന്റെയും കള്ളക്കടത്തിന്റെയും ക്വട്ടേഷൻ ഇടപാടുകളുടെയും പാഠങ്ങൾ പകർന്നു നൽകുന്ന ഇടതുയുവജന പ്രസ്ഥാനത്തെക്കുറിച്ച് താരരാജാക്കൻമാർ മൗനം പുലർത്തുന്നതെന്ത് …? ഡിവൈഎഫ്‌ഐ ഇല്ലാത്ത ഗുജറാത്തിനെക്കാൾ ഏറെ മുകളിലാണ് കള്ളക്കടത്ത്, ക്വട്ടേഷൻ ഇടപാടുകളിൽ ഡിവൈഎഫ്‌ഐ ഉള്ള കേരളമെന്നതിൽ കലാപ്രേമികൾ അഭിമാനിക്കുന്നുണ്ടോ..?

ബലാൽസംഗക്കേസുകളുടെ എണ്ണത്തിൽ ഡിവൈഎഫ്‌ഐ ഇല്ലാത്ത ഗുജറാത്തിനെക്കാൾ തുലോം മുകളിലാണ് ഡിവൈഎഫ്‌ഐ ഉള്ള കേരളമെന്ന് കണക്കുകൾ പറയുന്നല്ലോ….? ഗുജറാത്തിനെയും യുപിയെയും കശ്മീരിനെയും ലക്ഷദ്വീപിനെയും കുറിച്ച് ആത്മരോഷം കൊള്ളുന്നവർ കേരളത്തിലെ നിയമവാഴ്ചയുടെ സമ്പൂർണ്ണ തകർച്ചയെക്കുറിച്ച് മിണ്ടാത്തതെന്ത് …….?

രാജ്യവിരുദ്ധ പ്രസ്താവനകളിറക്കുന്നവർക്ക് പിന്തുണയുമായി മെഴുകുതിരി കത്തിക്കുന്നവർ ഹവാല, കള്ളക്കടത്ത് സംഘങ്ങളെ തള്ളിപ്പറയാത്തതെന്ത് …..? കേരള പോലീസിന്റെയും വനിതാ കമ്മീഷന്റെയും കെടുകാര്യസ്ഥതയും താൻപോരിമയും മൂലം പൊലിഞ്ഞ പെൺകുട്ടികളെയോർത്ത് ഇവരാരും കണ്ണീരൊഴുക്കാത്തതെന്ത് …? രാജകീയവൃക്ഷങ്ങളടക്കം വെട്ടിവെളുപ്പിച്ച വനംകൊള്ളയോട് കേരളത്തിലെ ബുദ്ധിജീവികൾ മുഖം തിരിയ്ക്കുന്നതെന്ത് ….?

ഇടത് ഫാസിസത്തിന് മുന്നിൽ മുട്ടിടിക്കുന്ന സാംസ്‌ക്കാരിക ദാരിദ്ര്യമാണ് കേരളത്തിൽ. നരേന്ദ്രമോദിയെയും ബിജെപിയെയും കിട്ടുന്നിടത്തെല്ലാം ചീത്തവിളിക്കുന്ന കപട ബുദ്ധിജീവികളുടെയും കലാകാരൻമാരുടെയും ഇരട്ടത്താപ്പ് വിവേകമുള്ള മലയാളി തിരിച്ചറിയട്ടെ.

https://www.facebook.com/VMBJP/photos/a.657264164369616/4073713322724666/