നിക്ഷേപ പദ്ധതിയില്‍നിന്ന് കിറ്റെക്‌സ് പിന്മാറിയത് മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങാവീണു എന്ന് പറഞ്ഞതുപോലെ: പി ടി തോമസ്

single-img
29 June 2021

സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നുള്ള 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് കിറ്റെക്‌സ് കമ്പനി പിന്‍മാറിയ സംഭവത്തില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് എം എല്‍ എ. നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണെങ്കില്‍ പത്തല്ല ആയിരം അന്വേഷണങ്ങള്‍ വന്നാലും പേടിക്കാനില്ലെന്നും മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങാവീണു എന്ന് പറഞ്ഞതുപോലെയാണ് നിക്ഷേപ പദ്ധതിയില്‍നിന്ന് കിറ്റെക്‌സ് കമ്പനി പിന്മാറിയതെന്നും പി ടി തോമസ് ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം കിറ്റെക്‌സിന്റെ കമ്പനിയില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത് രാഷ്ട്രീയ പകപോക്കലാണെന്ന കമ്പനി എം ഡി സാബു ജേക്കബിന്റെ ആരോപണം തള്ളി കുന്നത്തുനാട് എം എല്‍ എ പിവി ശ്രീനിജന്‍ രംഗത്തെത്തി. ‘എന്താണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്നെനിക്കറിയില്ല. ഹൈക്കോടതി നല്‍കിയ നിര്‍ദേശപ്രകാരം ഒരു ജുഡീഷ്യല്‍ ഓഫീസറാണ് അവിടെ പരിശോധന നടത്തിയത്.

കൊവിഡ് വൈറസ് വ്യാപന സമയത്ത് കിറ്റെക്‌സിലെ തൊഴിലാളികള്‍ അവിടത്തെ രോഗ പ്രതിരോധമാര്‍ഗങ്ങളുടെ അഭാവം സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെ പുറംലോകത്തെ അറിയിച്ചിരുന്നു. ആ സന്ദേശം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്,’ ശ്രീനിജന്‍ പറഞ്ഞു.