തുറന്ന പോരാട്ടം; കേരളാ സർക്കാരുമായി ചേർന്നുള്ള 3,500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും പിന്മാറി കിറ്റെക്സ്

single-img
29 June 2021

കേരളാ സർക്കാരുമായി ഒപ്പു വെച്ച ധാരണ പത്രത്തിൽ 3,500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും പിന്മാറുന്നുവെന്ന് കിറ്റെക്സ്. കഴിഞ്ഞ വർഷം ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു അപ്പാരൽ പാർക്കും 3 വ്യവസായ പാർക്കും തുടങ്ങാമെന്നായിരുന്നു ധാരണ. ഇതിൽ നിന്നാണ് പിന്മാറ്റമെന്ന് എംഡി സാബു ജേക്കബ് അറിയിച്ചു..

കിഴക്കമ്പലത്തെ കിറ്റെക്സിൽ നടന്ന സംസ്ഥാന സർക്കാർ വകുപ്പുകളുടെ പരിശോധനകളിൽ പ്രതിഷേധിച്ചാണ് കമ്പനി പുറകോട്ട് പോകുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പരിസ്ഥിതി, തൊഴിൽ, തുടങ്ങി വിവിധ വകുപ്പുകളുടെ 11 പരിശോധനകളാണ് കിറ്റെക്സ് കമ്പനിയിൽ നടന്നതെവന്നാണ് പത്രക്കുറിപ്പിൽ അദ്ദേഹം ആരോപിക്കുന്നത്.

തങ്ങള്‍ക്ക് ഇപ്പോഴുള്ള വ്യവസായം പോലും മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനാകാത്ത സ്ഥിതിയാണെന്നും ഇങ്ങനെയെങ്കിൽ കേരളത്തിൽ പുതിയ സംരംഭം തുടങ്ങാൻ ആരും വരില്ലെന്നും പത്രക്കുറിപ്പിൽ പറയുന്നു.

ഇതോടൊപ്പം തന്നെ താൻ രാഷ്ട്രീയത്തിലിറങ്ങിയതിന്റെയും പഞ്ചായത്ത്- നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെയും പ്രതികാരമായാണ് തന്റെ കമ്പനിയിൽ മാത്രം ഇത്രയേറെ പരിശോധന നടക്കുന്നതെന്നും കുന്നത്ത് നാട് എംഎൽഎയാണ് ഇതിന് നേതൃത്വം നൽകുന്നതെന്നും സാബു ആരോപിക്കുന്നു.