സ്വര്‍ണ്ണ കടത്ത്: യാതൊരു ക്രിമിനൽ ആക്ടിവിറ്റിയെയും സംരക്ഷിക്കുന്ന നിലപാട് സർക്കാരിനില്ല: മുഖ്യമന്ത്രി

single-img
29 June 2021

വിവാദമായ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടവർക്കുമേൽ സിപിഎമ്മിന് ഉത്തരവാദിത്തമില്ലെന്നും അവരുടെ ഉത്തരവാദിത്തം പാർട്ടിക്ക് ഏറ്റെടുക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കുറ്റത്തിന്റെ ഗൗരവമനുസരിച്ച് ഇവർക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രിഅറിയിച്ചു. “നമ്മുടെ സമൂഹത്തിൽ തെറ്റായ കാര്യങ്ങൾ തെറ്റായ ചില കാര്യങ്ങൾ നടക്കാറുണ്ട്.

അതുപോലുള്ള കാര്യങ്ങളോട് കൃത്യതയാർന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ച് പോന്നിട്ടുള്ളത്. ഒരു ക്രിമിനൽ ആക്ടിവിറ്റിയെയും സംരക്ഷിക്കുന്ന നിലപാട് സർക്കാരിനില്ല,” മുഖ്യമന്ത്രി പറഞ്ഞു. “സമൂഹത്തിലെ ആരെ എടുത്താലും അവർക്കെല്ലാം ഏറിയ കൂറും രാഷ്ട്രീയ അഭിപ്രായങ്ങളുണ്ടാവും.

അവരൊന്നും പ്രധാന രാഷ്ട്രീയ പ്രവർത്തകരാവണമെന്നില്ല. ചിലപ്പോള്‍ രാഷ്ട്രീയ അഭിപ്രായം വച്ചുപുലർത്തുന്നവർ. അതിന്റെ ഭാഗമായി ചില പ്രതികരണങ്ങൾ നടത്തിയവരുമുണ്ടാവും. അത്തരത്തില്‍ ഏത് അഭിപ്രായം പ്രകടിപ്പിക്കുന്നവർ എന്നത് സർക്കാരിന് മുന്നിൽ ഒരു പ്രശ്നമേ അല്ല. സിപിഎം ഒരു തെറ്റിന്റെയും കൂടെ നിൽക്കില്ല. പാർട്ടിക്കുവേണ്ടി ത്യാഗപൂർണമായ പ്രവർത്തനം നടത്തിയവർ പോലും പാർട്ടിക്ക് നിരക്കാത്ത പ്രവർത്തനം നടത്തിയാൽ തെറ്റിനനുസരിച്ച് നടപടിയെടുക്കുന്ന പാർട്ടിയാണ് സിപിഎം- മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ പലതരത്തിലുള്ള സംഘടിത കുറ്റകൃത്യങ്ങൾ നടക്കുന്നതായും അവയില്‍ നമ്മുടെ സംസ്ഥാനത്തിന് തന്നെ ഇടപെടാവുന്ന തരത്തിൽ നിയമപരമായ മാർഗങ്ങൾ ആലോചിക്കേണ്ട ഘട്ടം വന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ഉള്ള അധികാരം ഫലപ്രദമായി ഉപയോഗിച്ച് തന്നെ ഇത്തരം ശക്തികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന നിലയാണ് സർക്കാർ എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.