സിപിഎമ്മും ഡിവൈഎഫ്ഐയും സ്വർണക്കടത്ത് സംഘങ്ങളുമായി ഇഴചേർന്ന് കിടക്കുന്നു: എ എൻ രാധാകൃഷ്ണൻ

single-img
28 June 2021

സംസ്ഥാനത്തെ സിപിഎമ്മും ഡിവൈഎഫ്ഐയും സ്വർണക്കടത്ത് സംഘങ്ങളുമായി ഇഴചേർന്ന് കിടക്കുന്നതായി ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ. ഇരു സംഘടനകളും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പാർട്ടിക്കായി പ്രവർത്തന ഫണ്ട് നൽകുന്നത് കേരളത്തിൽ നിന്നാണ്.

കേരളത്തിൽ പിണറായി വിജയന്റെ ഭരണത്തിൻ കീഴിൽ സ്വർണക്കടത്ത് കൂടി . ഇതിലൂടെലഭിക്കുന്ന പണത്തിൽ നിന്നും ലഭിക്കുന്ന വിഹിതം ആണോ വിവിധ സംസ്ഥാനങ്ങളിൽ സി പി എം വിതരണം ചെയ്യുന്നതെന്നും രാധാകൃഷ്ണൻ ചോദിക്കുന്നു.

ഇതോടൊപ്പം ഡിവൈഎഫ്ഐയുടെ ഫണ്ട് സ്രോതസ് പരിശോധിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. ഇതുവരെ ഇരുപത്തി രണ്ട് തവണ അർജുൻ ആയങ്കി സ്വർണം കടത്തിയതായാണ് കസ്റ്റംസ് നൽകുന്ന വിവരം. 17 കിലോ സ്വർണം ഇതുവരെ ഇയാൾ കടത്തിയെന്നാണ് കണക്ക്.കൊടുവള്ളിയിൽ നടന്ന സ്വർണക്കടത്ത് സംഘവുമായി ബന്ധമുള്ളവരാണ് സി പി എം സംസ്ഥാന സെക്രട്ടറി ആയിരുന്ന കോടിയേരി ബാലകൃഷ്ണന് മിനി കൂപ്പർ യാത്ര ചെയ്യാനായി നൽകിയതെന്നും അദ്ദേഹം പറയുന്നു.

ഇപ്പോഴാവട്ടെ അർജുൻ ആയങ്കിക്ക് പാർട്ടിയുമായി ബന്ധമില്ലെന്നാണ് സി പി എം വിശദീകരിക്കുന്നത്. നേരത്തെ തന്നെ അയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി എന്ന് പറയുമ്പോൾ എന്ത് കാരണത്താൽ ആയിരുന്നു നടപടിയെന്നും രാധാകൃഷ്ണൻ ചോദിച്ചു. സ്വർണ്ണ കടത്തുമായി ബന്ധം ഉള്ളതായി കണ്ടതിനാൽ ആണെങ്കിൽ ആ വിവരം പൊലീസിനെ അറിയിക്കാതിരുന്നത്തിന്റെ കാരണം സിപിഎം പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.