ത്രിപുരയില്‍ സിപിഎം- ബിജെപി ഏറ്റുമുട്ടല്‍;പന്ത്രണ്ടോളം പേര്‍ക്ക് പരിക്ക്

single-img
28 June 2021

അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ ത്രിപുരയില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘർഷത്തിൽ സിപിഎം എംഎല്‍എ സുധന്‍ ദാസ് അടക്കം പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു.

രാജ്‌നഗറില്‍ സിപിഎം സമരം സംഘടിപ്പിച്ചതിന്റെ എതിര്‍വശത്തായി ബിജെപിയും പരിപാടി സംഘടിപ്പിക്കുകയായിരുന്നു. പിന്നാലെ ഇരുവിഭാഗവും പരസ്പരം മുദ്രാവാക്യം വിളിയും കല്ലേറും നടത്തുകയായിരുന്നെന്ന് എസ്ഡിപിഒ സൗമ്യ ദെബ്ബര്‍മ മാധ്യമങ്ങളെ അറിയിച്ചു.

പോലീസ് എത്തി ലാത്തിച്ചാര്‍ജ് നടത്തിയാണ് ഇരുപാര്‍ട്ടികളിലെയും പ്രവര്‍ത്തകരെ സംഭവസ്ഥലത്തുനിന്ന് നീക്കിയത്. അനുമതി തേടാതെയാണ് ഇരുപാര്‍ട്ടികളും പരിപാടി സംഘടിപ്പിച്ചതെന്ന് പോലീസ് പറയുന്നു.
നിലവിൽ എംഎല്‍എയെയും പരിക്കേറ്റ് മറ്റ് പ്രവര്‍ത്തകരെയും അഗര്‍ത്തല ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെന്ന് സിപിഎം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

അതേസമയം, തങ്ങളുടെ മണ്ഡലം പ്രസിഡന്റടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.