കുരങ്ങന്മാരിൽ നിന്ന് ആപ്പിൾ മരങ്ങൾ സംരക്ഷിച്ചില്ലെങ്കിൽ നടപടി; മെമ്മോയുമായി ഉത്തരാഖണ്ഡ് പോലീസ്

single-img
27 June 2021

ഉത്തരാഖണ്ഡ് പോലീസ് പുറപ്പെടുവിച്ച ഒരു മെമ്മോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഇനിമുതൽ ഔദ്യോഗിക വസതിയിൽ നിൽക്കുന്ന ആപ്പിൾ മരങ്ങൾ കുരങ്ങന്മാരിൽ നിന്ന് സംരക്ഷിച്ചില്ലെങ്കിൽ നടപടികൾ സ്വീകരിക്കുമെന്നാണ് ഈ മെമ്മോയിൽ പറയുന്നത്.

സംസ്ഥാന പോലീസിലെ തന്നെ ഉന്നത ഉദ്യോഗസ്ഥർ സഹപ്രവർത്തകർക്ക് അയച്ച മെമ്മോ ആണ് വൈറലായിരിക്കുന്നത്. എന്തായാലും സംഭവം ചർച്ചയായതോടെ ഡി ഐ ജി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

‘ഡി ഐ ജി താമസിക്കുന്ന ഔദ്യോഗിക വസതിയിൽ ഒരു ആപ്പിൾ മരം ഉണ്ട്. അതുകൊണ്ടുതന്നെ വസതിയിൽ നിലയുറപ്പിച്ചിരിക്കുന്ന സെക്യൂരിറ്റിമാർ വൃക്ഷത്തെ കുരങ്ങുകളിൽ നിന്ന് സംരക്ഷിക്കണം. അങ്ങിനെ ചെയ്തില്ലെങ്കിൽ കാവൽക്കാർക്ക്​ ശിക്ഷാ നടപടികൾ നേരിടേണ്ടി വരും- ഇങ്ങിനെയായിരുന്നു മെമ്മോയുടെ ഉള്ളടക്കം.

ഡി ഐ ജി ഓഫീസിനായി പൗരിയിലെ സർക്കിൾ ഓഫീസറാണ്​ ജൂൺ 14ന്​ മെമ്മോ ഇറക്കിയത്​. പക്ഷെ ഇത്തരമൊരു മെമ്മോയെക്കുറിച്ച് ഡി ഐ ജി ഓഫീസിന് യാതൊരു അറിവുമില്ലെന്നും, ആരാണ് മെമ്മോ നൽകിയതെന്ന അന്വേഷണം നടത്തി വരികയാണെന്നും ഗർവാൾ റേഞ്ച് ഐ ജി നീര് ഗാർഗ് അറിയിക്കുന്നു.