ജോലി ചെയ്യേണ്ടത് ഇനി ആഴ്ചയിൽ നാലു ദിവസം മാത്രം; ജോലി സമയം കുറയ്ക്കാനുള്ള തീരുമാനവുമായി ജാപ്പനീസ് സര്‍ക്കാര്‍

single-img
26 June 2021

ജനങ്ങൾ പരമാവധി കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതിനും ജോലിക്കാവശ്യമായ കഴിവുകൾ വികസിപ്പിക്കുന്നതിനും ജോലി സമയം കുറയ്ക്കാനുള്ള തയ്യാറെടുപ്പുകളുമായി ജപ്പാൻ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇനിമുതൽ ആഴ്ചയിൽ നാലു ദിവസം മാത്രമായി ജോലി സമയം പരിമിതപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ വർഷം ജാപ്പനീസ് തൊഴിലാളികൾ 1590 മണിക്കൂറുകളാണ് ശരാശരി ജോലിചെയ്തത് എന്നാണ് കണക്കുകൾ. ജോലി ജീവിതത്തിലെ ബാലൻസ് മെച്ചപ്പെടുത്തുന്നതിനൊപ്പം രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിനും ഇതുകൊണ്ട് ഗുണമുണ്ടെന്ന് സാമ്പത്തിക നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ലോകരാജ്യങ്ങളിൽ മിക്കയിടത്തും ആഴ്ചയിൽഅഞ്ച് ദിവസം എട്ടു മണിക്കൂര്‍ വീതമാണ് ആളുകൾ ജോലി ചെയ്യുന്നത്.

അതായത് ആഴ്ചയിൽ പരമാവധി 40 മണിക്കൂര്‍. പക്ഷെ ഇവിടെ ഈ സമയവും കുറയ്ക്കാനാണ് ജപ്പാനിലെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജോലിചെയ്യുന്നതിലെ സമയം കുറയ്ക്കുന്നത് ജീവനക്കാരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുമോ എന്നറിയാൻ ആദ്യം പഠനം നടത്തിയത് മൈക്രോ സോഫ്റ്റാണ്.

ഈ പഠനത്തിനായി ജപ്പാനിൽ തുടര്‍ച്ചയായ രണ്ടു വാരാന്ത്യ അവധി ദിനങ്ങൾക്ക് പുറമെ വെള്ളിയാഴ്ച കൂടെ അവധി നൽകിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ജോലി ചെയ്തപ്പോൾ ജീവനക്കാരുടെ കാര്യക്ഷമത 40 ശതമാനം വര്‍ദ്ധിച്ചു എന്നാണ് കണ്ടെത്തൽ.

രാജ്യത്തെ 92 ശതമാനം ജീവനക്കാര്‍ക്കും കുറഞ്ഞ സമയം ജോലി ചെയ്യാനാണ് കൂടുതൽ ഇഷ്ടം. മാത്രമല്ല, ഇതുവഴി വൈദ്യുത ഉപയോഗവും 20 ശതമാനത്തിലധികം കുറഞ്ഞു, സമാനമായി ന്യൂസിലൻഡിൽ 2018-ൽ നടത്തിയ ഒരു പഠനത്തിലും സമാനമായിരുന്നു ഫലം. ജപ്പാനിലെ പുതിയ സാമ്പത്തിക വർഷത്തിലെ നയവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളിലാണ് സര്‍ക്കാര്‍ ഇത് മുന്നോട്ട് വച്ചിരിക്കുന്നത്.