ജീവിതത്തില്‍ ഒരിക്കലെങ്കിലും അയോധ്യ സന്ദര്‍ശിക്കണമെന്ന് അടുത്ത തലമുറക്ക് തോന്നണം: പ്രധാനമന്ത്രി

single-img
26 June 2021

രാമാ ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട അയോധ്യയിലെ വികസനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തി. നഗരത്തിലെ വികസന പദ്ധതികള്‍ അവലോകനം ചെയ്യാനാണ് കൂടിക്കാഴ്ച നടത്തിയത്.

നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തിന്റെ മഹത്വവും വികസന പരിവര്‍ത്തനങ്ങളുടെ മികവും അയോധ്യയില്‍ പ്രതിഫലിക്കണമെന്നും അയോധ്യ നഗരം ഓരോ ഇന്ത്യക്കാരന്റേതുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ യോഗത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പുറമെ, സംസ്ഥാനത്തെ രണ്ട് ഉപമുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.

അയോധ്യയിലെ വികസനവുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് യോഗം നടക്കുന്നത്. ”നമ്മുടെ രാജ്യത്തെ ഉന്നതിയുടെയും ആത്മീയതുടെയും കേന്ദ്രമായിരിക്കണം അയോധ്യ. ജീവിതത്തില്‍ ഒരിക്കലെങ്കിലും അയോധ്യ സന്ദര്‍ശിക്കണമെന്ന് അടുത്ത തലമുറക്ക് തോന്നണം. തീര്‍ത്ഥാടകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഓരോ പൗരനും അയോധ്യ വികസനം ഗുണം ചെയ്യണം”- പ്രധാനമന്ത്രി പറഞ്ഞു.യോഗത്തില്‍ ഏകദേശം 1200 ഏക്കറോളം വരുന്ന അയോധ്യ നഗരത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നഗര വികസനത്തിന്റെ ബ്ലൂപ്രിന്റ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവതരിപ്പിച്ചു.