അമേരിക്കന്‍ പകര്‍പ്പവകാശ നിയമലംഘനം; കേന്ദ്ര മന്ത്രിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍

single-img
25 June 2021

കേന്ദ്ര മന്ത്രിസഭയിലെ ഐ ടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു. അമേരിക്കന്‍ പകര്‍പ്പവകാശ നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിന്റെ ഈ വിവാദ നടപടി. തന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത വിവരം ട്വിറ്ററിലൂടെ രവിശങ്കര്‍ പ്രസാദ് തന്നെയാണ് അറിയിച്ചത്.

ഏകദേശം ഒരു മണിക്കൂറോളം നേരം അക്കൗണ്ട് ഉപയോഗിക്കാന്‍ സാധിച്ചില്ല. അതിന് ശേഷം അക്കൗണ്ട് പുനഃസ്ഥാപിച്ചുവെന്നും മന്ത്രി ട്വീറ്റ് ചെയ്തു.അതേസമയം, മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ അക്കൗണ്ട് മരവിപ്പിച്ച ട്വിറ്ററിന്റെ നടപടി രാജ്യത്തെ ഐ.ടി. ചട്ടത്തിന്റെ ലംഘനമാണെന്നും രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.

ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട ട്വിറ്റുകളിലെ വിവാദങ്ങള്‍ക്ക് പിന്നാലെ കേന്ദ്രസര്‍ക്കാരും ട്വിറ്ററും തമ്മിലുള്ള പോര് മുറുകിയതിനിടെയാണ് ഐ ടി. മന്ത്രിയുടെ അക്കൗണ്ടിനും ട്വിറ്റര്‍ പൂട്ടിട്ടത്. അതേസമയം, രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് മരവിപ്പിച്ച സംഭവത്തില്‍ ട്വിറ്ററിനോട് വിശദീകരണം തേടുമെന്ന് ഐ ടി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ ശശി തരൂര്‍ എം പി വ്യക്തമാക്കി . മന്ത്രിയുടെ അക്കൗണ്ട് ലോക്ക് ചെയ്യാനുണ്ടായ കാരണം, നടപടികള്‍ എന്നിവ ആരായുമെന്നാണ് ശശി തരൂര്‍ അറിയിച്ചത്.