ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ഐഷ സുൽത്താനയുടെ മൊബൈൽ കസ്റ്റഡിയിലെടുത്ത് പോലീസ്

single-img
25 June 2021

ചാനല്‍ ചര്‍ച്ചയില്‍ കേന്ദ്ര പ്രതിനിധി പ്രഫുല്‍ പട്ടേലിനെതിരെ നടത്തിയ ബയോവെപ്പണ്‍ പ്രയോഗത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു.

ലക്ഷദ്വീപില്‍ നിന്നും നാളെ തിരികെ കേരളത്തിലെ കൊച്ചിയിലേക്ക് മടങ്ങാനിരിക്കെയാണ് മുന്നറിയിപ്പിലാതെ പോ ലീസ് ഫോണ്‍ പിടിച്ചെടുത്തത്. അതേസമയം, അന്വേഷണത്തിൻ്റെ ഭാഗമായാണ് മൊബൈൽ ഫോൺ കൈവശം വാങ്ങിയതെന്ന് കവരത്തി പോലീസ് വിശദീകരിച്ചു. തന്റെ മൊബൈൽ ഫോൺ പിടിച്ചെടുക്കുന്ന കാര്യം നേരത്തെ അറിയിച്ചില്ലെന്നും ഫോൺ നമ്പറുകൾ എഴുതിയെടുക്കാൻ സാവകാശം തന്നില്ലെന്നും ഐഷ സുൽത്താന കുറ്റപ്പെടുത്തി.

രാജ്യദ്രോഹക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി ഐഷയ്ക്ക് ഇന്ന് കേരളാ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അതിന്റെ പിന്നാലെയാണ് പോലീസ് നടപടി. ഐഷ നടത്തിയ പരാമർശത്തെ രാജ്യദ്രോഹപരമായോ ഭിന്നിപ്പ് ഉണ്ടാക്കുന്നതായോ കാണാനാകില്ല. അവര്‍ പറഞ്ഞതില്‍ ബയോവെപ്പണ്‍ എന്ന പദം മാത്രമെടുക്കേണ്ടെന്നും പരാമര്‍ശത്തിന്‍റെ ആകെ ഉദ്ദേശ്യം കണക്കിലെടുത്താല്‍ മതിയെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.