ജമ്മുകാശ്മീരില്‍ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കും വരെ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ല: മെഹ്ബൂബ മുഫ്തി

single-img
25 June 2021

ജമ്മു കാശ്മീരിന്റെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ച നടന്ന പിറ്റേന്ന് നിലപാട് കടുപ്പിച്ച് മുൻ ജമ്മു കാശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. സംസ്ഥാനത്തിന് മുന്‍പ് ഉണ്ടായിരുന്ന പോലെ പ്രത്യേക പദവി തിരിച്ച് നൽകും വരെ താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അവർ പറഞ്ഞു.

തിരക്കിട്ട് തെരഞ്ഞെടുപ്പ് നടത്തുന്നതിന് മുൻപ് സംസ്ഥാനത്തെ ജനങ്ങളുടെ വിശ്വാസം ആർജിക്കുകയാണ് കേന്ദ്രം ചെയ്യേണ്ടതെന്ന് അവർ പറഞ്ഞു. “ജമ്മു കാശ്മീരിന്റെ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കും വരെ ഞാൻ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ല. അങ്ങിനെചെയ്തില്ലെങ്കില്‍ ഞാൻ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്ന് ജനങ്ങള്‍ പറയും. പക്ഷെ എന്റെ പാർട്ടി ഒരു ജനാധിപത്യ ഇടത്തിൽ നിന്നും മാറിനിൽക്കില്ല,

അത്തരത്തില്‍ മാറിനിന്നാൽ മറ്റു ശക്തികൾ ആ ഇടങ്ങൾ ഏറ്റെടുക്കും. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എന്റെ പാർട്ടി വിജയിച്ചാൽ പാർട്ടിക്ക് വേറെയും മുതിർന്ന നേതാക്കളുണ്ട്. അതുകൊണ്ടുതന്നെ ഞാൻ മുഖ്യമന്ത്രിയാവില്ല. എനിക്ക് ഇത് വെറുമൊരു മുദ്രാവാക്യമല്ലെന്ന് ഇതിലൂടെ ജനങ്ങൾക്ക് സന്ദേശം നൽകാൻ കഴിയും.”മെഹ്ബൂബ മുഫ്തി പറഞ്ഞു.