കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ 48 ഡെൽറ്റ പ്ലസ് കേസുകൾ; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

single-img
25 June 2021

രാജ്യത്ത് നിലവില്‍ കേരളം ഉൾപ്പെടെയുള്ള 11 സംസ്ഥാനങ്ങളിൽ കൊറോണ വൈറസിൻ്റെ ഏറ്റവും പുതിയ വകഭേദമായ ഡെൽറ്റ് പ്ലസ് റിപ്പോർട്ട് ചെയ്തതായി കേന്ദ്ര സർക്കാർ. കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്ര പ്രദേശ്, തമിഴ്നാട്, ഒഡീഷ, രാജസ്ഥാൻ, ജമ്മു കശ്മീർ, കർണാടക എന്നീ 11 സംസ്ഥാനങ്ങളിലായി 48 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്.

വ്യാപന ശേഷി വളരെ കൂടുതലുള്ള ഡെൽറ്റ പ്ലസ് വകഭേദത്തെ അടിയന്തിരമായി പ്രതിരോധിക്കണമെന്ന് ഐസിഎംആർ ഡയറക്ടർ ഡോ. ബൽറാം ഭാർഗവ പറയുന്നു. നേരത്തെ രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ 20 ഡെൽറ്റ പ്ലസ് കേസുകളും തമിഴ്നാട്ടിലും മധ്യപ്രദേശിലും 9 കേസുകളുമുണ്ട്.

കേരളത്തിൽ ഇതുവരെ ഇത്തരത്തില്‍ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഒരുദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിൽ രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ച ഡെൽറ്റ വകഭേദം ജൂൺ മാസത്തോടെ രാജ്യത്തെ 174 ജില്ലകളിലേക്ക് വ്യാപിക്കുകയായിരുന്നു.

ഇപ്പോള്‍ സ്ഥിരീകരിക്കപ്പെട്ട ഡെൽറ്റ പ്ലസിൻ്റെ വ്യാപനം പ്രാദേശികമാണെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. പഞ്ചാബിലും ഗുജറാത്തിലും രണ്ട് കേസുകളും ആന്ധ്ര, ഒഡീഷ, രാജസ്ഥാൻ, കർണാടക, ജമ്മു കശ്മീർ എന്നിവടങ്ങളിൽ ഒരു കേസുകളുമാണ് സ്ഥിരീകരിച്ചത്. ഈ സംസ്ഥാനങ്ങൾ കരുതലോടെ മുന്നോട്ട് പോകണമെന്നും കേന്ദ്രം നിര്‍ദ്ദേശം നല്‍കി.