വനിതാ കമ്മീഷന്‍ അധ്യക്ഷയെ മാറ്റണം; ആവശ്യവുമായി കെ സുരേന്ദ്രന്‍

single-img
24 June 2021

പരാതി പറയാനായി ഫോണില്‍ യുവതി വിളിച്ചപ്പോള്‍ അപമര്യാദയായി സംസാരിച്ച വനിതാകമ്മീഷന്‍ അധ്യക്ഷ ജോസഫൈനെ മാറ്റണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. വനിതകള്‍ക്ക് ആവശ്യമില്ലാത്ത വനിതാ കമ്മീഷനെ എന്തിനാണ് സര്‍ക്കാര്‍ അരിയിട്ടു വാഴിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും ഗാര്‍ഹിക പീഡനത്തേക്കാള്‍ വലിയ മാനസിക പീഡനമാണ് വനിതാകമ്മീഷന്‍ അധ്യക്ഷയില്‍ നിന്നും സ്ത്രീകള്‍ നേരിടേണ്ടി വരുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഈ രീതിയിലുള്ള ആളോട് എങ്ങനെയാണ് കേരളത്തിലെ സ്ത്രീകള്‍ പരാതി പറയുക. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാവണം. രാജ്യത്തിന്റെ ഭരണഘടനയോടല്ല പാര്‍ട്ടി സംവിധാനത്തോടാണ് തനിക്ക് കൂറെന്നാണ് വനിതാകമ്മീഷന്‍ അദ്ധ്യക്ഷ പറയുന്നത്. ധാര്‍ഷ്ട്യവും കഴിവുകേടും അലങ്കാരമാക്കിയ ജോസഫൈനെ പോലുള്ളവര്‍ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായിരിക്കുന്നത് സംസ്ഥാനത്തെ മുഴുവന്‍ വനിതകള്‍ക്കും നാണക്കേടാണെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

യുവതീ പ്രവേശനവിധിക്ക് പിന്നാലെ ശബരിമലയില്‍ നവോത്ഥാനമുണ്ടാക്കാന്‍ നടന്നവര്‍ ആദ്യം കേരളത്തില്‍ സ്ത്രീകള്‍ക്ക് ജിവിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.