ജമ്മു കാശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തും; സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ ഉറപ്പ് നൽകാതെ പ്രധാനമന്ത്രി

single-img
24 June 2021

ജമ്മു കാഷ്മീരിലെവിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് വൈകിട്ട് പൂര്‍ത്തിയായി. കാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് നേതാക്കളോട് പറഞ്ഞ പ്രധാനമന്ത്രി പക്ഷെ ഇക്കാര്യത്തില്‍ ഒരു ഉറപ്പും നല്‍കിയില്ല.

ജമ്മു കാശ്മീരില്‍ മണ്ഡലങ്ങളുടെ പുനര്‍ നിര്‍ണയം പൂര്‍ത്തിയാക്കി ഉടന്‍തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. എന്നാല്‍ ഇതോടൊപ്പംകാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്നും പ്രധാനമന്ത്രി നേതാക്കളെ അറിയിച്ചു.

സര്‍വകക്ഷി യോഗത്തില്‍ തങ്ങള്‍ അഞ്ച് ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചതായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. കാശ്മീരിന് മുന്‍പെന്നപോലെ എത്രയും വേഗം സംസ്ഥാനപദവി പുനഃസ്ഥാപിക്കണം, തെരഞ്ഞെടുപ്പ് നടത്തണം, കാ ശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം നടപ്പാക്കണം, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണം എന്നീ ആവശ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.

ജമ്മു കാശ്മീരിന്റെ ശരിയായ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയെ തങ്ങള്‍ ധരിപ്പിച്ചെന്ന് സി പി എം പ്രതിനിധിയും സംസ്ഥാനത്തെ ഗുപ്കര്‍ സഖ്യത്തിന്റെ വക്താവുമായ യൂസഫ് തരിഗാമി പറഞ്ഞു. എന്നാല്‍ ഒന്നിനെപ്പറ്റിയും പ്രധാനമന്ത്രി ഒരു ഉറപ്പും നല്‍കിയില്ലെന്നും തരിഗാമി പറഞ്ഞു.