ഒന്നും ഓർഡർ ചെയ്യാതെ യുവതിക്ക് ആമസോണിൽ നിന്ന് ലഭിച്ചത് 150 പാർസലുകൾ

single-img
23 June 2021

ഇതാ, അമേരിക്കയില്‍ യാതൊരു ഉത്പന്നത്തിനും ഓർഡർ നൽകാത്ത യുവതിക്ക് ആമസോണിൽ നിന്ന് ലഭിച്ചത് 150 പാർസലുകളാണ്. യുഎസ്എയിലെ ന്യൂയോർക്ക് സ്വദേശിയായ യുവതിക്കാണ് വിചിത്രവും അവിശ്വസനീയവുമായ ഈ അനുഭവം ഉണ്ടായത്.

തനിക്ക് ലഭിച്ച എല്ലാ പാർസലുകളിലും മാസ്ക് ബ്രാക്കറ്റുകളാണ് ഉണ്ടായിരുന്നതെന്നും പിന്നീട് അത് സംഭാവനയായി നൽകാൻ തീരുമാനിക്കുകയായിരുന്നു എന്നും യുവതി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. മാത്രമല്ല, തെറ്റായ പാർസലുകൾ ലഭിച്ചതിനെ തുടർന്ന് അവർ ആമസോണിനെ ബന്ധപ്പെടാനും അവരുടെ ഭാഗത്തു നിന്നുണ്ടായ പിശകിനെക്കുറിച്ച് പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി അവര്‍ പറയുന്നു.

പക്ഷെ അപ്പോള്‍ ആമസോൺ ആ പാർസലുകൾ അവരുടെ കൈയിൽ തന്നെ സൂക്ഷിക്കാനും ഒരു പരാതി സമർപ്പിക്കാനും ആവശ്യപ്പെടുകയായിരുന്നു ചെയ്തത്. ജിലിയൻ കന്നൻ എന്ന യുവതി തനിക്ക് ഈ രീതിയില്‍ പാർസലുകൾ ലഭിച്ചപ്പോൾ ആദ്യം കരുതിയത് തന്റെ ബിസിനസ് പങ്കാളി അയച്ച പൊതികളാകും അവ എന്നായിരുന്നു.

പക്ഷെ ഇവ അങ്ങനെ ലഭിച്ച പാർസലുകളല്ല എന്ന് പിന്നീട് ബോധ്യമായി. ലഭിച്ച പാർസലുകളിലെല്ലാം രേഖപ്പെടുത്തിയിട്ടുള്ള വിലാസം തന്റേത് തന്നെയാണെങ്കിലും പേര് മറ്റാരുടെയോ ആയിരുന്നെന്ന് ജിലിയൻ പറയുന്നു. പരാതി പറഞ്ഞ ശേഷം ഒരുപാട് പ്രയത്നത്തിന് ശേഷം ഈ പിശകിന് പിന്നിലെ കാരണം എന്താണെന്ന് ആമസോൺ കണ്ടെത്തി. ഈ സമയംലഭിച്ച ഈ മാസ്കുകൾ എങ്ങനെ പ്രയോജനകരമാം വിധം ഉപയോഗിക്കാം എന്നതിനെക്കുറിച്ചും ജിലിയൻ ആലോചിക്കുന്നുണ്ടായിരുന്നു.

ഇതിനെ തുടര്‍ന്നു ജിലിയനും ബിസിനസ് പങ്കാളിയും ഒടുവിൽ ഈ മാസ്കുകൾ ഉപയോഗിച്ച് കുട്ടികളുടെ ആശുപത്രിയിലെ രോഗികൾക്ക് മാസ്ക് കിറ്റ് ഉണ്ടാക്കി നൽകാൻ തീരുമാനിക്കുകയായിരുന്നു. തനിക്ക് നിലവില്‍ ഉണ്ടായ ബുദ്ധിമുട്ടിന് പകരമായി ആ ഓർഡറിന്റെ ഭാഗമായുള്ള ബാക്കി മാസ്കുകൾ കൂടി ഈ സംരംഭത്തിന് വേണ്ടി സംഭാവനയായി നൽകണമെന്ന് ജിലിയൻ ആമസോണിനോട് ആവശ്യപ്പെട്ടു. ഇത് കേട്ടതോടെ ആമസോൺ അവരുടെ ആവശ്യം അംഗീകരിക്കുകയും ബാക്കിയുള്ള മാസ്കുകൾ അവർക്ക് സംഭാവനയായി നൽകുകയും ചെയ്തു.