ലഭിക്കുന്നത് അവഗണന; പാര്‍ട്ടി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും പുറത്ത് കടന്ന് ഡല്‍ഹിയിലെ ബി ജെ പി നേതാക്കള്‍

single-img
23 June 2021

മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ബിജെപിയിലെ തര്‍ക്കങ്ങള്‍ മുറുകുന്നു. സംസ്ഥാന നേതൃത്വത്തോട് അതൃപ്തി രേഖപ്പെടുത്തി നേതാക്കള്‍ എത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ബി ജെ പി വക്താക്കളായ തജീന്ദര്‍ ബാഗ, ഹരീഷ് ഖുരാന എന്നിവര്‍ മുന്നോട്ടുവന്നു.

പാർട്ടിയിൽ തങ്ങള്‍ക്ക് അര്‍ഹമായ സ്ഥാനങ്ങളോ ഉത്തരവാദിത്തമോ നല്‍കുന്നില്ലെന്നാണ് ഇരുവരുടെയും ആരോപണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സോഷ്യൽ മീഡിയയിൽ ഏഴ് ലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള തജീന്ദര്‍ ബാഗ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ബി ജെ പി. വക്താവ് എന്നത് റിമൂവ് ചെയ്തിരുന്നു.

തന്നെ സംസ്ഥാനത്തെ ബിജെപിയുടെ യുവജന വിഭാഗം പ്രസിഡന്റാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഈ നടപടിയെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ച തജീന്ദര്‍ ബാഗ വക്താക്കള്‍ക്കുള്ളതടക്കം വിവിധ ബി ജെ പി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ലെഫ്റ്റ് ചെയ്‌തെന്നും പിന്നീട് നേതാക്കള്‍ ചേര്‍ത്തെങ്കിലും അദ്ദേഹം വീണ്ടും പുറത്തുപോകുകയായിരുന്നെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് താനല്ല, പാര്‍ട്ടിയാണ് മറുപടി പറയേണ്ടതെന്നാണ് തജീന്ദര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഇതോടൊപ്പം മറ്റൊരു നേതാവായ ഹരീഷ് ഖുരാനയും ബി ജെ പി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നെല്ലാം പുറത്തുപോയിരിക്കുകയാണ്. ഡൽഹിയിലെ മുന്‍ മുഖ്യമന്ത്രിയുടെ മകനും മുതിര്‍ന്ന നേതാവുമായിട്ടും തനിക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയാണ് ഹരീഷ് ഖുരാന ഉന്നയിക്കുന്നത്.