ഏഴിന് 205; ഷമിയുടെ നാല് വിക്കറ്റുകളിൽ തകർന്ന് ന്യൂസീലന്‍ഡ്

single-img
22 June 2021

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ ഫൈനലിന്റെ ഇന്ന് അഞ്ചാം ദിനത്തിൽ ന്യൂസീലൻഡിന് ഏഴു വിക്കറ്റ് നഷ്ടം. കാളി 90 ഓവറുകൾ കഴിഞ്ഞപ്പോൾ ഏഴിന് 205 റണ്‍സെന്ന നിലയിലായിരുന്നു കിവീസ് പട. അവരുടെ ക്യാപ്റ്റൻ കെയ്ൻ വില്യംസ് നടത്തുന്ന ഒറ്റയാൾ പോരാട്ടമാണ്ഇപ്പോൾ ടീമിനെയാകെ മുന്നോട്ടുനയിക്കുന്നത്.

ഇതുവരെ 166 പന്തുകൾ നേരിട്ട വില്യംസൻ 43 റൺസുമായി പുറത്താകാതെനിൽക്കുന്നു എന്നതാണ് ഇന്ത്യയുടെ മുന്നിലുള്ള വെല്ലുവിളി. ആറ് റൺ മാത്രംനേടിയിട്ടുള്ള ടിം സൗത്തിയാണ് ഒപ്പമുള്ളത്. മത്സരത്തിൽ ഇതുവരെ നാലു വിക്കറ്റ് വീഴ്ത്തി തിളങ്ങി നിൽക്കുന്ന പേസർ മുഹമ്മദ് ഷമിയാണ് ന്യൂസീലന്‍ഡ് ബാറ്റിങ് നിരയെ തകർക്കുന്നതിൽ ഇന്ത്യയ്ക്കായി മുന്നിൽ നിന്നത്.

ന്യൂസീലൻഡിന്റെ റോസ് ടെയ്‍ലർ (37 പന്തിൽ 11), ഹെൻറി നിക്കോൾസ് (23 പന്തിൽ ഏഴ്), ബി ജെ വാട്‍ലിങ് (ഒന്ന്), കോളിൻ ഡെ ഗ്രാൻഡ്ഹോം (30 പന്തിൽ 13), കൈൽ ജാമീസൻ (16 പന്തിൽ 21) എന്നിവരാണ് അഞ്ചാം ദിനം പുറത്തായത്. ഇന്ന് അഞ്ചാം ദിനത്തിലും മഴ പെയ്തെങ്കിലും, പതിവിലും വൈകി കളി ആരംഭിക്കുകയായിരുന്നു. വെറും രണ്ടു വിക്കറ്റ് നഷ്ടത്തിൽ 101 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ന്യൂസീലൻഡിന് 91 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ കൂടി നഷ്ടമാകുകയായിരുന്നു.

37 പന്തുകളിൽ നിന്നും 11 റൺസെടുത്ത ടെയ്‌ലറിനെ ഷമിയുടെ പന്തിൽ ശുഭ്മൻ ഗിൽ ക്യാച്ചെടുത്തു. അതേസമയം, ഇഷാന്ത് ശർമയുടെ പന്തിൽ രോഹിത് ശർമ ക്യാച്ചെടുത്താണ് ഹെൻറി നിക്കോൾസിനെ പുറത്താക്കിയത്. വാട്‍ലിങ്ങിനെ മുഹമ്മദ് ഷമി ബൗൾഡാക്കി. ഗ്രാന്‍ഡ് ഹോമിനെയും ജാമീസനെയും മടക്കി ഷമി സ്വന്തം വിക്കറ്റ് നേട്ടം നാലാക്കി ഉയർത്തി. നിലവിലെ സാഹചര്യത്തിൽ, മത്സരം സമനിലയിൽ അവസാനിക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. അങ്ങിനെ സംഭവിച്ചാൽ ഇരുടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.