തമിഴ്‌നാട്ടില്‍ ഏഴു വയസുകാരനെ അടിച്ചു കൊന്നു; അമ്മയും ചെറിയമ്മമാരും അറസ്റ്റില്‍

single-img
22 June 2021

തമിഴ്‌നാട്ടിലെ തിരുവണ്ണാമലയില്‍ ഏഴ് വയസ്സുകാരനെ അമ്മയും ചെറിയമ്മമാരും ചേര്‍ന്ന് അടിച്ചുകൊന്നു. സംഭവത്തില്‍ മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടി അപസ്മാര ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് കുട്ടിയില്‍ ബാധ കയറിയെന്ന് ആരോപിച്ച് അത് ഒഴിപ്പിക്കാനാണ് സ്ത്രീകള്‍ മര്‍ദ്ദിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. അമ്മ തിലകവതിയും ചെറിയമ്മമാരായ ഭാഗ്യലക്ഷ്മിയും കവിതയും ചേര്‍ന്ന് 7 വയസ്സുള്ള ശബരി എന്ന കുട്ടിയെ മൃഗീയമായി തല്ലുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തിയപ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. സ്ത്രീകള്‍ കുട്ടിക്ക് ചുറ്റും നില്‍ക്കുന്നുണ്ടായിരുന്നു. കുട്ടിയ്ക്ക് വെള്ളം നല്‍കി പൊലീസ് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പൊലീസ് എത്തുന്നതിനു മുന്‍പ് തന്നെ കുട്ടി മരിച്ചു എന്നാന് റിപ്പോര്‍ട്ട്.

ഞായറാഴ്ച രാത്രി കുട്ടിയെ അമ്മയും ചെറിയമ്മമാരും ചേര്‍ന്ന് ബാധ ഒഴിപ്പിക്കാനായി മന്ത്രവാദിയുടെ അടുക്കല്‍ കൊണ്ടുപോയിരുന്നു. പോകുന്നതിനിടെ കുട്ടിക്ക് അപസ്മാരം ഉണ്ടായി. ഇത് കണ്ട സ്ത്രീകള്‍ കുട്ടിക്ക് ബാധ കയറിയെന്ന് തെറ്റിദ്ധരിക്കുകയും ശബരിയെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. വഴിയാത്രക്കാരില്‍ ചിലര്‍ ഇത് ചോദ്യം ചെയ്‌തെങ്കിലും സ്ത്രീകള്‍ അവരെ ചീത്തവിളിച്ച് തുരത്തി. അതേസമയം, തങ്ങള്‍ മകനെ മര്‍ദ്ദിച്ചിട്ടില്ലെന്നും അപസ്മാരം ബാധിച്ച് കുട്ടി മരിക്കുകയായിരുന്നു എന്നുമാണ് മാതാവ് തിലകവതി പറയുന്നത്.