ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം കല്യാണമല്ല; വിസ്മയക്കേസില്‍ പ്രതികരിച്ച് ഗായിക സിത്താര

single-img
22 June 2021

കൊല്ലത്ത് ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ വിസ്മയ എന്ന പെണ്‍കുട്ടിയെ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഗായിക സിത്താര കൃഷ്ണകുമാര്‍. കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യമെന്നും സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തില്‍ വേണ്ടെന്ന് പറയണമെന്നും സിത്താര ഫേസ്ബുക്കിലെഴുതി.

പെണ്‍കുട്ടികളെ ക്ഷമിക്കാനും സഹിക്കാനും പഠിപ്പിക്കലല്ല നല്ല വിദ്യാഭ്യാസമാണ് നല്‍കേണ്ടതെന്നും സിത്താര പറഞ്ഞു. ‘പെണ്‍കുഞ്ഞുങ്ങളെ പഠിക്കാന്‍ അനുവദിക്കൂ, യാത്ര ചെയ്യാന്‍ അനുവദിക്കൂ, സഹിക്കൂ, ക്ഷമിക്കൂ എന്നുപറഞ്ഞു പഠിപ്പിക്കലല്ല വേണ്ടത്.

ഉള്ളതും ഇല്ലാത്തതുമായ പണംകൊണ്ട് സ്വര്‍ണവും പണവും ചേര്‍ത്ത് കൊടുത്തയക്കല്‍ തെറ്റാണെന്ന് എത്ര തവണ പറയണം പ്രിയപ്പെട്ട പെണ്‍കുട്ടികളെ.

കല്യാണത്തിനായി സ്വര്‍ണം വാങ്ങില്ലെന്ന് നിങ്ങള്‍ ഉറപ്പിച്ചു പറയൂ, സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തില്‍ വേണ്ടെന്ന് പറയൂ, പഠിപ്പും ജോലിയും, പിന്നെ അതിലേറെ സന്തോഷവും സമാധാനവുമാണ് വലുതെന്ന് ഉറക്കെ പറയൂ! കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം,’ സിത്താരയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അതേ സമയം സംഭവത്തില്‍ ഭര്‍ത്താവ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അല്‍പ സമയം മുന്‍പാണ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കിരണിനെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

വിസ്മയയെ മുന്‍പ് മര്‍ദിച്ചിട്ടുണ്ടെന്ന് ഭര്‍ത്താവ് കിരണ്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. മരിക്കുന്നതിന് തലേന്ന് വിസ്മയയെ മര്‍ദിച്ചിട്ടില്ലെന്നും വിസ്മയയുടെ ശരീരത്തില്‍ കണ്ടെത്തിയ മര്‍ദനത്തിന്റെ പാട് മുന്‍പുണ്ടായതെന്നും കിരണ്‍ മൊഴി നല്‍കി.